‘ഫോര്‍ബ്‌സ് 30 അണ്ടര്‍ 30 ഏഷ്യ’ പട്ടികയില്‍ ജെന്‍ റോബോട്ടിക്‌സ് നേട്ടം കേരളത്തില്‍ നിന്ന് ആദ്യമായി

Business

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് ആദ്യമായി ‘ഫോര്‍ബ്‌സ് 30 അണ്ടര്‍ 30 ഏഷ്യ 2023’ പട്ടികയില്‍ ഇടം പിടിച്ച് കേരള സ്റ്റാര്‍ട്ടപ്പായ ജെന്‍ റോബോട്ടിക്‌സിന്റെ സ്ഥാപകര്‍. ഏഷ്യയില്‍ നിന്ന് വിവിധ രംഗങ്ങളില്‍ കഴിവ് തെളിയിച്ച ചെറുപ്പക്കാരെ കണ്ടെത്തുന്ന പട്ടികയിലാണ് ജെന്‍ റോബോട്ടിക്‌സ് സ്ഥാപകരായ വിമല്‍ ഗോവിന്ദ് എം.കെ, അരുണ്‍ ജോര്‍ജ്, റാഷിദ് കെ., നിഖില്‍ എന്‍.പി എന്നിവരുടെ പേരുകള്‍ ഉള്‍പ്പെടുന്നത്. സാങ്കേതികവിദ്യയിലൂടെ രാജ്യത്തെ ശുചിത്വപരിപാലന മേഖലയ്ക്ക് നല്‍കിയ സംഭാവന കണക്കിലെടുത്താണ് ഈ വര്‍ഷത്തെ പട്ടികയില്‍ സ്ഥാനം പിടിച്ചത്.

2023 ലെ ഫോര്‍ബ്‌സ് 30 അണ്ടര്‍ 30 ഏഷ്യ പട്ടികയില്‍ ധനകാര്യം, സാങ്കേതികവിദ്യ, വിനോദം, സ്‌പോര്‍ട്‌സ് തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ള യുവാക്കളും സംരംഭകരും ഉള്‍പ്പെടുന്നു. ഫോര്‍ബ്‌സ് 30 അണ്ടര്‍ 30 ഏഷ്യ ലിസ്റ്റില്‍ വ്യവസായം, ഉത്പാദനം, ഊര്‍ജ്ജം എന്നീ വിഭാഗങ്ങളിലെ പട്ടികയിലാണ് ജെന്‍ റോബോട്ടിക്‌സ് ഉള്‍പ്പെടുന്നത്.

ജെന്‍ റോബോട്ടിക്‌സിന്റെ കണ്ടെത്തലുകളെ ലോകം അംഗീകരിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഫോര്‍ബ്‌സ് 30 അണ്ടര്‍ 30 ഏഷ്യ പട്ടികയില്‍ ഇടം ലഭിച്ചതെന്നും ജെന്‍ റോബോട്ടിക് ഇന്നൊവേഷന്‍സ് സി.ഇ.ഒ വിമല്‍ ഗോവിന്ദ് എം.കെ പറഞ്ഞു. യുവാക്കള്‍ക്ക് ഈ മേഖലയിലേക്ക് കടന്നുവരാനും സാങ്കേതികവിദ്യയിലൂടെ സമൂഹത്തിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനും ഈ നേട്ടം പ്രചോദനമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ലോകത്തെ മികച്ച പബ്ലിക്ക് ബിസിനസ് ഇന്‍കുബേറ്റര്‍ പുരസ്‌കാരം നേടിയ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ സഹകരണത്തോടെ 2018 ല്‍ തുടങ്ങിയ സ്റ്റാര്‍ട്ടപ്പായ ജെന്‍ റോബോട്ടിക് ഇന്നോവേഷന്‍സ് ഇന്ന് ലോകത്തിലെ അറിയപ്പെടുന്ന റോബോട്ടിക് കമ്പനികളില്‍ ഒന്നാണ്. ജെന്‍ റോബോട്ടിക്‌സ് വികസിപ്പിച്ച ലോകത്തിലെ ആദ്യത്തെ റോബോട്ടിക് സ്‌കാവെന്‍ജര്‍ ആയ ബാന്‍ഡിക്കൂട്ട് ഇന്ത്യയിലെ 18 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലും ആസിയന്‍ മേഖലയിലും പ്രവര്‍ത്തിച്ചുവരുന്നു. ഇതിനുപുറമേ ജെന്‍ റോബോട്ടിക്‌സിന്റെ മിഷന്‍ റോബോഹോള്‍ പദ്ധതിയിലൂടെ 3000 ലധികം ശുചീകരണ തൊഴിലാളികളുടെ ജീവിതം മാറ്റിമറിക്കുകയും പരിശീലനത്തിലൂടെ അവരെ റോബോട്ടിക് ഓപ്പറേറ്റര്‍മാരായി മാറ്റുകയും ചെയ്തു.

ബാന്‍ഡിക്കൂട്ടിനു പുറമേ മെഡിക്കല്‍ ആന്‍ഡ് മൊബിലിറ്റി വിഭാഗത്തില്‍ ജെന്‍ റോബോട്ടിക്‌സ് വികസിപ്പിച്ചെടുത്ത ഗെയറ്റ് ട്രെയിനിങ് സാങ്കേതികവിദ്യയാണ് ജി ഗെയ്റ്റര്‍. പക്ഷാഘാത രോഗികളുടെ ജീവിതം മെച്ചപ്പെട്ട രീതിയിലേക്ക് എത്തിക്കാന്‍ സഹായിക്കുന്നതാണിത്.

ഈ മാതൃകയില്‍ നിരവധി സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് സാങ്കേതികവിദ്യയിലൂടെ പരിഹാരം കാണാന്‍ ശ്രമിക്കുന്ന സ്റ്റാര്‍ട്ടപ്പ് എന്ന നിലയിലാണ് ജെന്‍ റോബോട്ടിക്‌സ് ഫോര്‍ബ്‌സ് 30 അണ്ടര്‍ 30 ഏഷ്യ ലിസ്റ്റില്‍ ഇടം നേടിയത്. നേരത്തേ ‘ഫോര്‍ബ്‌സ് ഇന്ത്യ 30 അണ്ടര്‍ 30’ പട്ടികയിലും ജെന്‍ റോബോട്ടിക്‌സ് സ്ഥാപകര്‍ ഇടം നേടിയിരുന്നു.

ജെന്‍ റോബോട്ടിക്‌സ് സ്ഥാപകര്‍ക്കു പുറമേ ഇന്ത്യയില്‍ നിന്ന് ഒളിമ്പിക്‌സ് സ്വര്‍ണമെഡല്‍ ജേതാവ് നീരജ് ചോപ്ര, ബോളിവുഡ് താരം സിദ്ധാന്ത് ചതുര്‍വേദി, സംഗീതജ്ഞയും മോഡലുമായ അംബിക നായിക് തുടങ്ങിയവരും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. 2022 ല്‍ മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്ന് െ്രെപഡ് ഓഫ് കേരള പുരസ്‌കാരവും ജെന്‍ റോബോട്ടിക്‌സിന് ലഭിച്ചിരുന്നു.