മലപ്പുറം: വൃത വിശുദ്ധിയില്‍ സംസ്‌കരണത്തിന്റെയും ധാര്‍മികതയുടെയും കരുത്ത് നേടിയെടുത്ത വിശ്വാസികള്‍ക്ക് ഈദ് ആശംസകള്‍ നേരുന്നു. സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷവും വിഭാഗീയതയും വളര്‍ത്താന്‍ സംസ്ഥാനത്ത് ബോധപൂര്‍വമായ ശ്രമം നടക്കുന്ന സാഹചര്യത്തില്‍ സമുദായങ്ങള്‍ തമ്മില്‍ സൗഹാര്‍ദവും സഹവര്‍ത്തിത്വവും വളര്‍ത്തിയെടുക്കാന്‍ വിശ്വാസികള്‍ ഈദ് ആഘോഷവേളയില്‍ പ്രതിജ്ഞ ചെയ്യണമെന്ന് കെ.എന്‍.എം മര്‍കസുദ്ദഅവ സംസ്ഥാന പ്രസിഡന്റ് ഡോ. ഇ.കെ അഹമദ് കുട്ടിയും ജന:സെക്രട്ടറി സി.പി ഉമര്‍ സുല്ലമിയും ഈദ് സന്ദേശത്തില്‍ പറഞ്ഞു.
രാജ്യത്തിന്റെ വീണ്ടെടുപ്പിനായുള്ള നിര്‍ണായക പോരാട്ടം നടക്കുമ്പോള്‍ ഒന്നിച്ചു നില്‍ക്കേണ്ടവര്‍ക്കിടയില്‍ പരസ്പരം സംശയത്തിന്റെ നിഴല്‍ വീഴ്ത്തുന്ന മതനേതൃത്വങ്ങള്‍ നിലപാട് തിരുത്തണം. മനുഷ്യരെ പരസ്പരം സ്‌നേഹിക്കാനും സുഖദുഃഖങ്ങള്‍ പങ്കുവെക്കാനും സന്തോഷങ്ങളിലും സന്താപങ്ങളിലും ഒന്നിച്ചിരിക്കാനും വിശാലമായ മാനവ സാഹോദര്യത്തിന്റെ കേരളീയ പൈതൃകം വീണ്ടെടുക്കാന്‍ ഈദാഘോഷം നിമിത്തമാവണം.
ജൂതഭീകരതയില്‍ ദുരിതമനുഭവിക്കുന്ന പലസ്തീന്‍ ജനതക്ക് വേണ്ടിയും കൊടുംചൂടില്‍ പ്രയാസപ്പെടുന്ന മനുഷ്യര്‍ക്കും ജീവജാലങ്ങള്‍ക്കും മഴ ലഭ്യമാവാനും ഈദ്ഗാഹുകളില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്നും നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു.