തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ളവർക്ക് ജുമുഅ ഒഴിവാക്കാം:ഡോ.ഹുസൈൻ മടവൂർ

Kozhikode

കോഴിക്കോട്: ഏപ്രിൽ 26ന് വെള്ളിയാഴ്ച തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥർക്ക് ജുമുഅ ഒഴിവാക്കാമെന്ന് പ്രമുഖ ഇസ്ലാമിക പണ്ഡിതനും കോഴിക്കോട് പാളയം ചീഫ് ഇമാമുമായ ഡോ.ഹുസൈൻ മടവൂർ പറഞ്ഞു.

കോഴിക്കോട് കടപ്പുറത്ത് നടന്ന സംയുക്ത ഈദ് ഗാഹിൽ പെരുന്നാൾ ഖുതുബാപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ഇന്ത്യാ രാജ്യവും ഭരണഘടനയും നിലനിൽക്കാൻ മതേതര ജനാധിപത്യ വിശ്വാസികൾ എല്ലാവരും വോട്ട് ചെയ്യണം. അതിന്ന് സൗകര്യപ്രദമായ വിധം ജുമുഅ നമസ്കാരവും ഖുതുബയും മിനിമം രൂപത്തിൽ നടത്തണം. അന്നേ ദിവസം വോട്ട് നഷ്ടപ്പെടുന്ന വിധമുള്ള വിനോദയാത്രയും ഉംറ യാത്രയും അന്ന് ഒഴിവാക്കണം. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥർക്ക് നിർബന്ധിത സാഹചര്യം പരിഗണിച്ച് ജുമുഅ ഒഴിവാക്കാമെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് സംയുക്ത ഈദ് ഗാഹിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ ഇരുപതിനായിരത്തോളം ആളുകൾ പങ്കെടുത്തു. എം.പിമാരായ എം.കെ.രാഘവൻ, എളമരം കരീം, ഡി.സി.സി. പ്രസിഡൻ്റ് അഡ്വ.പ്രവീൺ കുമാർ, ഡെപ്യൂട്ടി മേയർ മുസാഫിർ അഹമ്മദ്, വ്യവസായ പ്രമുഖൻ പി.കെ.അഹമ്മദ് തുടങ്ങി നിരവധി പ്രമുഖ വ്യക്തികൾ ഈദ് ഗാഹിലെത്തി വിശ്വാസികൾക്ക് ആശംസകൾ അറിയിച്ചു.