തിരുവനന്തപുരം: കേരളത്തിൻ്റെ നവോത്ഥാന ചരിത്രം മാറ്റി വാസ്തവ വിരുദ്ധമായ ചരിത്രം നിർമ്മിക്കാനുള്ള തൽപരകക്ഷികളുടെ കുൽസിത ശ്രമങ്ങളെ ചെറുത്ത് തോൽപിക്കണമെന്ന് കേരള നദ് വത്തുൽ മുജാഹിദീൻ സംസ്ഥാന ഉപാദ്ധ്യക്ഷൻ ഡോ.ഹുസൈൻ മടവൂർ ആവശ്യപ്പെട്ടു. കെ.എൻ.എം സംസ്ഥാന സമിതി സംസ്ഥാനതലത്തിൽ നടത്തിവരുന്ന മുന്നേറ്റം 2024 പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശ്രീ നാരായണഗുരുവും വക്കം മൗലവിയും അയ്യങ്കാളിയും സനാഉല്ലാ മക്തി തങ്ങളും കെ.എം മൗലവിയും മറ്റും കഠിന പരിശ്രമം നടത്തിയാണ് ആധുനിക കേരളം നിർമ്മിച്ചത്.
അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും വർഗ്ഗീയതക്കും ജാതീയതക്കെതിരിലും അവർ ശക്തമായി പ്രവർത്തിച്ചു. വിദ്യാഭ്യാസത്തിന്നും സ്ത്രീ ശാക്തീകരണത്തിന്നും മതസൗഹാർദ്ദത്തിന്നും വേണ്ടി അവർ വ്യാപകമായ പ്രവർത്തനങ്ങൾ നടത്തി.
ഈ നവോത്ഥാനത്തിൻ്റെ തുടർച്ചയാണ് കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം. ഈ യാഥാർത്ഥ്യം മറച്ച് വെച്ച് അന്ധവിശ്വാസികളായ യാഥാസ്ഥിതിക പുരോഹിതൻമാർ നവോത്ഥാന നായക വേഷം കെട്ടുന്നത് അപഹാസ്യമാണെന്നും നവോത്ഥാന പ്രവർത്തകരാണെന്ന ന്നവകാശപ്പെടുന്നവർ വർഗ്ഗീയത പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും പറഞ്ഞു.
പ്രസ്ക്ലബ് ഓഡിറ്റോറിയത്തിൽ ചേർന്ന സംഗമത്തിൽ കെ എൻ എം ജില്ലാ പ്രസിഡന്റ് യഹ് യാ കല്ലമ്പലം അധ്യക്ഷത വഹിച്ചു. ഐ എസ് എം സംസ്ഥാന നേതാക്കന്മാരായ റഹ് മത്തുല്ലാ സ്വലാഹി പുത്തൂർ, യാസിർ അറഫാത്ത് എന്നിവർ വിഷയമവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി അൽഅമീൻ ബീമാപള്ളി, ഐ എസ് എം ജില്ലാ സെക്രട്ടറി സജിൻ വടശ്ശേരി ക്കോണം, എം എസ് എം ജില്ലാ പ്രസിഡന്റ് സുൽഫി സ്വലാഹി എന്നിവർ സംസാരിച്ചു.