കല്പറ്റ: റമദാനിലൂടെ ആര്‍ജ്ജിച്ചെടുത്ത മാറ്റം കൈവിടാതെ സൂക്ഷിക്കണമെന്ന് ഡോ ജമാലുദ്ദീന്‍ ഫാറൂഖി വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു. മൂപ്പത് ദിനം കൊണ്ട് സംസ്‌കരിച്ചെടുത്ത് പാകപ്പെടുത്തി ഈമാനിന്റെ നിറകുടമാക്കി മാറ്റിയ മനസ്സ് കേവലം മൂന്ന് മിനുട്ടുകൊണ്ട് നഷ്ടമാക്കരുത്. ഇങ്ങനെ സംഭവിക്കാതിരിക്കാന്‍ മനസ്സിനെ പാകപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. കല്പറ്റ എം സി എഫ് പബ്ലിക് സ്‌കൂളില്‍ നടന്ന സംയുക്ത ഈദ്ഗാഹില്‍ ഖുത്തുബ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഈമാനും സല്‍പ്രവര്‍ത്തികളും ഇല്ലാത്ത ജീവിതം വരണ്ടതായിരിക്കും. നാം തുടര്‍ന്ന സദ്കര്‍മ്മങ്ങള്‍ റമദാന്‍ തീര്‍ന്നതോടെ അവസാനിക്കുന്നതാകരുത്. ചിന്തിപ്പിക്കാനും ശക്തിപ്പെടുത്താനുമുള്ളതാണ് ഈദ് നല്‍കുന്ന സന്ദേശം. സമര്‍പ്പണത്തിന്റെ മന്ത്രധ്വനിയിലൂടെ നല്‍കുന്ന സന്ദേശം അതുതന്നെയാണ് ജമാലുദ്ദീന്‍ ഫാറൂഖി പറഞ്ഞു.
മുസ്‌ലിംകള്‍ക്ക് രണ്ട് ആഘോഷങ്ങളാണുള്ളത്. ഈ ആഘോഷങ്ങള്‍ കൊണ്ട് കളിക്കുക, ചിരിക്കുക, തിമിര്‍ക്കുക എന്നതല്ല ഉദ്ദേശിക്കുന്നത്. എന്തെല്ലാം നാം നേടിയിട്ടുണ്ടെങ്കിലും എത്ര കരുത്തന്മാരാണെങ്കിലും ദൈവത്തിന് മുന്നില്‍ നാം ഒന്നുമല്ലെന്ന് നമ്മെ ഓര്‍മ്മപ്പെടുത്തുകയാണ് ഈദുഗാഹുകളില്‍ മുഴങ്ങുന്ന തക്ബീര്‍ ധ്വനികള്‍. അതിനാല്‍ തന്നെ ആഘോഷങ്ങള്‍ അതിരുവിടരുതെന്നും അദ്ദേഹം പറഞ്ഞു.
ഇത്തവണത്തെ ചെറുയ പെരുന്നാളിന് ഏറെ പ്രത്യേകതയുണ്ട്. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമെ ജപ്പാനിലും അമേരിക്കയിലും ലോകത്തിലെ ഭൂരിഭാഗം രാജ്യങ്ങളിലും ഇന്നുതന്നെയാണ് പെരുന്നാള്‍. അതുകൊണ്ട് തന്നെ ഇത് ചെറിയ പെരുന്നാളല്ല വിശ്വാസികളെ സംബന്ധിച്ച് വലിയൊരു പെരുന്നാളാണെന്നും ജമാലുദ്ദീന്‍ ഫാറൂഖി പറഞ്ഞു.
ഫലസ്തീനില്‍ നമ്മുടെ സഹോദരങ്ങള്‍ ഇപ്പോഴും അതിക്രമങ്ങള്‍ക്കിരയാകുകയാണ്. ഓരോ വിശ്വാസികളും അവര്‍ക്കായി പ്രാര്‍ത്ഥിക്കുകയും സഹായിക്കുകയും ചെയ്യണം. സമാധാനത്തോടെ ജീവക്കാന്‍ അവര്‍ക്ക് സാധ്യമാകുന്ന ഒരു സാഹചര്യം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യം നിര്‍ണ്ണായകമായ ഒരു തെരഞ്ഞെടുപ്പിലേക്ക് കടക്കുകയാണ്. ഭരണഘടന ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കുന്ന അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം. രാജ്യത്ത് സമാധാനത്തോടെയും സൗഹാര്‍ദ്ദത്തടെയും നിര്‍ഭയമായും ജീവിക്കാന്‍ കഴിയണം. അതിനായി പ്രാര്‍ത്ഥിക്കുകയും പ്രവര്‍ത്തിക്കുകയും വോട്ടുകള്‍ വിനിയോഗിക്കുകയും ചെയ്യണമെന്നും ഡോ ജമാലുദ്ദീന്‍ ഫാറൂഖി വിശ്വാസികളെ ഓര്‍മ്മിച്ചു.