സനത് സൂര്യക്ക് ദേശീയ അംഗീകാരം

Kozhikode

കോഴിക്കോട്: നരിക്കുനി ഗവ. ഹയര്‍സെക്കന്ററി സ്‌കൂള്‍ പത്താം തരം വിദ്യാര്‍ത്ഥി സനത് സൂര്യക്ക് ദേശീയ അംഗീകാരം. കേന്ദ്ര സാങ്കേതിക വകുപ്പ് നടപ്പിലാക്കുന്ന ഇന്‍സ്പയര്‍ മനാക് പദ്ധതി പുരസ്‌കാരത്തിന്നാണ് കേരളത്തില്‍ നിന്ന് സനത് സൂര്യ പരിഗണിക്കപ്പെട്ടത്. സര്‍ഗാത്മകവും ജനോപകാരപ്രദവുമായ നൂതനാശയങ്ങള്‍ സമര്‍പ്പിക്കുന്ന 15 വയസ്സ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് ഇന്‍സ്‌പെയര്‍ അവാര്‍ഡ് നല്‍കി വരുന്നത്.

ശയ്യാവലംബികളായി ദുരിത ജീവിതം നയിക്കുന്ന രോഗികള്‍ക്ക് പരസഹായമില്ലാതെ ദൈനംദിന കാര്യങ്ങള്‍ ചെയ്യാനും ചലിക്കാനും സഹായിക്കുന്ന ഉപകരണം എന്ന ആശയമാണ് സനത് സൂര്യ യാഥാര്‍ത്ഥ്യമാക്കിയത്. ഒരേസമയം ബെഡും വീല്‍ചെയറുമായി ഉപയോഗിക്കാവുന്ന ഉപകരണത്തില്‍ ടോയ്‌ലറ്റ്, വാഷ്‌ബേസ് എന്നീ സൗകര്യങ്ങളും ഉണ്ട്. സെന്‍സര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഉപകരണം ചലിപ്പിക്കാനും യാത്ര ചെയ്യാനും സാധിക്കും.

കിടപ്പുരോഗിയായ തന്റെ മുത്തശ്ശിയുടെ ദുരിതാവസ്ഥയാണ് ഇങ്ങനെ ഒരു ഉപകരണത്തിന്റെ ആവശ്യകതയെ കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിച്ചതെന്ന് സനത് സൂര്യപറഞ്ഞു. ബിസിനസുകാരനായ സജീവിന്റെയും പാലത്ത് എ എല്‍ പി സ്‌കൂള്‍ അധ്യാപിക പ്രബിതയുടെയും മകനാണ് സനത് സൂര്യ.

Leave a Reply

Your email address will not be published. Required fields are marked *