പാലക്കാട്: മണ്ണാര്‍ക്കാട് കരിമ്പുഴയില്‍ പുഴയിലകപ്പെട്ട വിദ്യാര്‍ത്ഥികളില്‍ മൂന്നാമനും മരണത്തിന് കീഴടങ്ങി. പാറക്കല്‍ സ്വദേശിനി റിസ്വാന (19) ചെറുമല സ്വദേശിനി ദീമ മെഹ്ബ ( 19) പുത്തന്‍ വീട്ടില്‍ ബാദുഷ ( 17 ) എന്നിവരാണ് മരിച്ചത്. ഇവര്‍ ജ്യേഷ്ഠാനുജ മക്കളാണ്.
കൂട്ടിലക്കടവ് ചെറുപുഴ പാലത്തിന് സമീപമാണ് മൂന്ന് കുട്ടികളും പുഴയില്‍ അകപ്പെട്ടത്. ബന്ധുക്കളായ മൂന്ന് കുട്ടികളും ചെറുപുഴ പാലത്തിന് സമീപം കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ പാറക്കെട്ടുകള്‍ക്കിടയില്‍ അകപ്പെട്ടതായാണ് സംശയിക്കുന്നത്. പുഴയ്ക്ക് സമീപം തോട്ടം വാങ്ങിയതിന്റെ ഭാഗമായി ഇവിടെ എത്തിയതായിരുന്നു മൂന്നുപേരും. തുടര്‍ന്ന് പുഴയില്‍ കുളിക്കാനിറങ്ങുകയും അപകടത്തില്‍പ്പെടുകയുമായിരുന്നു.
റിസ്വാനയുടെ മരണം ആദ്യം സ്ഥിരീകരിച്ചിരുന്നു. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുന്നതിനിടെയാണ് ദീമ മെഹ്ബയുടെ മരണം. ബാദുഷയും ചികിത്സയ്ക്കിടെയാണ് മരിച്ചത്. നാട്ടുകാരും ട്രോമാകെയര്‍ വളണ്ടിയര്‍മാരും ചേര്‍ന്നാണ് കുട്ടികളെ പുഴയില്‍ നിന്ന് കരയ്ക്ക് കയറ്റിയത്.