തിരഞ്ഞെടുപ്പ് ചൂടിനോടും വേനൽ ചൂടിനോടും പൊരുതി മുഴുവൻ നോമ്പുമെടുത്ത് ജിനീഷ്

Kozhikode

കോഴിക്കോട്: ആസന്നമായ തിരഞ്ഞെടുപ്പ് ചൂടിനോടും ഉള്ളും പുറവും ഒരുപോലെ പൊള്ളിക്കുന്ന മീനമാസത്തെ കനത്ത വേനൽ ചൂടിനോടും പൊരുതി പുണ്യ റംസാന്റെ മുഴുവൻ നോമ്പും എടുത്ത് സഹപ്രവർത്തകർക്കിടയിൽ  അത്ഭുതം നിറച്ചിരിക്കുകയാണ് ജിനേഷ് കുറ്റിക്കാട്ടൂർ. 

കൊടും വേനൽ ചൂടിൽ വിശ്വാസികൾ പോലും നോമ്പെടുക്കാൻ പ്രയാസപ്പെടുമ്പോഴാണ് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് ജിനീഷ് കുറ്റിക്കാട്ടൂർ  നോമ്പെടുത്ത് തിരഞ്ഞെടുപ്പ് ഗോധയിൽ സജീവമായത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോഴിക്കോട് യുഡിഎഫ് സ്ഥാനാർഥി തന്റെ മണ്ഡലത്തിൽ വരുന്ന ദിനങ്ങളിൽ പ്രവർത്തന ഭാരം ഇരട്ടിയാവുമ്പോഴും ജിനീഷിന് റംസാൻ നോമ്പ് ഒരു തടസ്സമായിരുന്നില്ല.

വൃത കാലത്ത് പ്രചരണവുമായി സ്ഥാനാർത്ഥി പര്യടനത്തിൽ  എത്തിയപ്പോൾ ഒക്കെയും പ്രകടനം വിളിച്ചും അനുഗമിച്ചും ആവേശം ഒട്ടും കുറയാതെ ജിനീഷ് കൂടെയുണ്ട്. തിരഞ്ഞെടുപ്പാവേശം കടുത്ത സമയമായതിനാൽ ബോർഡ് വെക്കാനും ,പോസ്റ്റർ പതിക്കാനും, ഗൃഹ സമ്പർക്കത്തിലും ജിനീഷ് മുന്നിലാണ്.
കുടുംബയോഗങ്ങളിലും എന്തിന് രാത്രി ഏറെ വൈകി കെജ്‌രിവാൾ അറസ്റ്റിനെതിരെ കുറ്റിക്കാട്ടൂരിൽ നടന്ന പ്രകടനത്തിനും മുന്നിൽ ജിനീഷ് ഉണ്ടായിരുന്നു.

തെരഞ്ഞെടുപ്പായതിൽ പിന്നെ രാത്രി ഏറെ വൈകിയാണ് കിടക്കാറുള്ളതെന്നും എന്നാലും പുലർച്ചെ നാല് മണിക്ക് എഴുന്നേറ്റ് അത്താഴം കഴിച്ച് നോമ്പെടുക്കാറാണ് പതിവെന്നും ജിനീഷ് പറഞ്ഞു. ഭാര്യ അശ്വനിയും മാതാപിതാക്കളും പൂർണ്ണ പിന്തുണ തരുന്നുണ്ടെന്നും ഓരോ ദിവസവും നോമ്പ് തുറക്കാനായി സുഹൃത്തുക്കൾ  വിളിക്കാറുണ്ടായിരുന്നെന്നും ജിനീഷ് പറഞ്ഞു. പ്ലസ്‌ടുവിന് പഠിക്കുന്ന കാലത്താണ് നോമ്പ് പിടിച്ചു തുടങ്ങിയത്. ഇക്കൊല്ലത്തെ നോമ്പ് മുഴുവൻ എടുക്കാനായതിൽ സന്തോഷമുണ്ടെന്നും ജിനേഷ് പറഞ്ഞു.

റംസാൻ 27ന്  കുറ്റിക്കാട്ടൂർ ചാലിയാറക്കൽ മസ്ജിദ് മുഹ്യുദ്ധീനിലായിരുന്നു ജിനീഷിൻ്റെ നോമ്പ് തുറ. പെരുന്നാൾ ദിനത്തിൽ മണ്ഡലത്തിൽ സ്ഥാനാർഥി എംകെ രാഘവൻ സന്ദർശനത്തിന് എത്തിയപ്പോൾ, കുറ്റിക്കാട്ടൂർ പാലിയേറ്റീവ് കെയറിന്റെ പെരുന്നാൾ ഫണ്ട് സമാഹാരണത്തിനായി മാണിയമ്പലം  ജുമാമസ്ജിദിലായിരുന്നു ജിനേഷ്. ഉടൻ സ്ഥാനാർഥിയെ  അനുഗമിക്കാനായി അങ്ങോട്ട് പോയി.

കുറ്റിക്കാട്ടൂർ വടക്കെ കല്ലട മീത്തൽ ദാമോദരൻ-തങ്ക ദമ്പതികളുടെ മകനാണ് പൊതുപ്രവർത്തന രംഗത്ത് നിറഞ്ഞ് നിൽക്കുന്ന ജിനീഷ് .