കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കെതിരെ വോട്ട് രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ക്വാറി ക്രഷര്‍ ഉടമകളുടെ സംയുക്ത സംഘടന രംഗത്ത്. സംഘടനയുടെ സംസ്ഥാന കണ്‍വീനറുടെ വാട്സ്ആപ്പ് സന്ദേശം ആണ് വ്യാപകമായി ക്വാറി വ്യവസായവുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നവരുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നത്.
സഹായിക്കുന്നവരെ മാത്രം തിരിച്ചു സഹായിക്കണമെന്നും ദ്രോഹിച്ചവരെ ദ്രോഹിക്കാന്‍ കിട്ടുന്ന അവസരങ്ങള്‍ പ്രയോജനപ്പെടുത്തണമെന്നുമാണ് സന്ദേശത്തിന്റെ ഉള്ളടക്കം. വ്യവസായ മന്ത്രി പി രാജീവിനെതിരെ രൂക്ഷ വിമര്‍ശനമാണ് വാട്സ്ആപ്പ് സന്ദേശത്തിലുള്ളത്. ചെറുകിട കരിങ്കല്‍ ക്വാറി മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മുപ്പതുലക്ഷത്തോളം വോട്ട് ഉണ്ടെന്നും സന്ദേശത്തില്‍ പറയുന്നു.
അന്യസംസ്ഥാനത്ത് നിന്നും നിയമ വിരുദ്ധമായി കല്ല് കൊണ്ട് വരുന്ന ലോറികള്‍ക്ക് പിഴ ചുമത്താതെ ഒത്താശ ചെയ്യുന്നതിന്റെ ഫലമായി പ്രതിദിനം 20 കോടിയാണ് സംസ്ഥാന ഖജനാവിന് നഷ്ടം. അന്യസംസ്ഥാന കരിങ്കല്‍ ക്വാറി ഉടമകളെ കണ്ണടച്ചു സഹായിക്കുന്ന മൈനിംഗ് ആന്‍ഡ് ജിയോളജി ഡയറക്ടറേറ്റ് സംസ്ഥാനത്തെ ചെറുകിട ക്വാറികള്‍ക്ക് അനാവശ്യവും ഭീമമായതുമായ പിഴ ചുമത്തി ബുദ്ധിമുട്ടിക്കുകയാണ്. ചുരുക്കം ചില ക്വാറികള്‍ മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇതും കൂടി പൂട്ടിക്കാനാണ് ശ്രമമെന്നും സംഘടന ആരോപിക്കുന്നു.
തെരഞ്ഞെടുപ്പ് സംഭാവന ചോദിച്ചു നേതാക്കള്‍ നിങ്ങളെ സമീപിച്ചിട്ടുണ്ടാവും. വരുമാനത്തേക്കാള്‍ കൊടുത്തിട്ടുമുണ്ടാകും. ഇനി കൊടുത്തില്ലെങ്കില്‍ അങ്ങോട്ട് പോയി കൊടുത്ത് സ്വയം കുത്തുപാള എടുക്കണമെന്നും വാട്സ്ആപ്പ് സന്ദേശത്തില്‍ ക്വാറി ക്രഷര്‍ അസോസിയേഷന് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി കൂടിയായ എം കെ ബാബു പറയുന്നു.
സംസ്ഥാനത്തെ പ്രബല സംഘടനകളില്‍ ഒന്നാണ് ക്വാറി ക്രഷര്‍ സംയുക്ത സംഘടന. ക്വാറി ക്രഷര്‍ മേഖലയെ ആശ്രയിച്ച് ലക്ഷങ്ങളാണ് ഉപജീവനം നടത്തുന്നത്. ഈ മേഖലയില്‍ ഉണ്ടാകുന്ന സ്തംഭനവും പ്രശ്നങ്ങളും അതുകൊണ്ട് തന്നെ വലിയ വിഭാഗത്തെ ബാധിക്കുകയും ചെയ്യും. ക്വാറി ക്രഷര്‍ മേഖലയിലുള്ളവര്‍ സംയുക്തമായി സര്‍ക്കാറിനെതിരെ നിന്നാല്‍ വരുന്ന തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്ക് കനത്ത തിരിച്ചടിയാകുമെന്നും ഉറപ്പാണ്.