കാശ്മീരിലോ ബോംബയിലോ സി പി എം പങ്കെടുത്തിരുന്നെങ്കില്‍ വീണ വിജയനെ ഇപ്പോള്‍ ജയിലില്‍ കാണാമായിരുന്നു: കെ എം ഷാജി

Kannur

മാട്ടൂല്‍: രാഹുല്‍ ഗാന്ധിയുടെ ജോഡോ യാത്രകളുടെ സമാപനങ്ങള്‍ നടന്ന ബോംബയിലോ കാശ്മീരിലോ സി പി എം പങ്കെടുത്തിരുന്നെങ്കില്‍ വീണ വിജയനെ ഇപ്പോള്‍ ജയിലില്‍ കാണാമായിരുന്നെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി. മതേതര മൂവ്‌മെന്റിനെ മുഖ്യമന്ത്രി എപ്പോഴാണ് അംഗീകരിച്ചിട്ടുള്ളത്? നിങ്ങള്‍ ബോംബെയില്‍ വന്നില്ല. കശ്മീരില്‍ വന്നോ? സിതാറാം യച്ചൂരിക്ക് അവിടെ വന്ന് പങ്കെടുക്കണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. എന്നാല്‍ അയാള്‍ പങ്കെടുത്തില്ല. ആ യോഗത്തില്‍ അവര്‍ പങ്കെടുത്തിരുന്നെങ്കില്‍ ഇന്ന് വീണ ജയിലില്‍ കാണുമായിരുന്നു. അതുകൊണ്ട് പങ്കെടുത്തില്ല. അതല്ലേ ഉത്തരം.” ഷാജി ചോദിച്ചു. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനു കള്ളത്തരങ്ങളില്‍ പങ്കുണ്ട്. ദിവസങ്ങള്‍ക്കുള്ളില്‍ സമന്‍സ് വരികയും അകത്താവുകയും ചെയ്യും. മാട്ടൂല്‍ നോര്‍ത്തില്‍ നടന്ന യു ഡി എഫ് തിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയുടെ മകള്‍ ഉള്‍പ്പെടുന്ന കേസ് വാദിക്കുന്ന വക്കീലിന് നല്കുന്ന പണം ജനങ്ങളുടേതാണ്. ആരാ വാദിക്കാന്‍ വന്നതെന്ന് അറിയാമോ? വൈദ്യനാഥന്‍. അദ്ദേഹത്തിന് എത്ര രൂപയാണു നല്‍കിയത് എന്ന് അറിയാമോ? 50 ലക്ഷം രൂപ. സ്വന്തം മകള്‍ ഉള്‍പ്പെടെ കുടുങ്ങിക്കിടക്കുന്ന കേസില്‍ 50 ലക്ഷം രൂപ ഞങ്ങളുടെ പണം എടുത്തുകൊടുക്കാന്‍ മുഖ്യമന്ത്രിക്ക് എന്താ അവകാശം? നിങ്ങളുടെ മകള്‍ കുടുങ്ങിയാല്‍ നിങ്ങള്‍ പൈസ കൊടുക്കേണ്ടേ? എന്റെ പേരില്‍ കുറേ കേസുണ്ടായിരുന്നല്ലോ. അതെല്ലാം എന്റെ കൈയ്യില്‍ നിന്ന് കാശെടുത്താണ് നടത്തുന്നത്. പാര്‍ട്ടിയോട് ചോദിച്ചാല്‍ അറിയാം, ഒരു രൂപ പോലും വാങ്ങിയിട്ടില്ല. അതാണ് ഇവിടെ ഇങ്ങനെ വന്ന് നട്ടെല്ലു നിവര്‍ത്തി നില്‍ക്കാന്‍ എനിക്കാകുന്നത്. കെ എം ഷാജി പറഞ്ഞു.

അങ്ങനെയല്ലേ ചെയ്യേണ്ടത്? മുഖ്യമന്ത്രിയുടെ മകളുടെ കേസ് ഞങ്ങളുടെ പൈസ എടുത്തിട്ടാണോ നടത്തേണ്ടത്? കെഎസ്‌ഐഡിസി മുഖ്യമന്ത്രി പിണറായി വിജയന് സ്ത്രീധനം കിട്ടിയതാ? ഇങ്ങനെ വൈദ്യനാഥന് പൈസ എടുത്തു കൊടുക്കാന്‍? ബാംഗ്ലൂരില്‍ ഹാജരായ അഭിഭാഷകന് ഒരു സിറ്റിങ്ങിന് ഒരു കോടി രൂപയാണ് ഫീസെന്നും ഷാജി പറഞ്ഞു.