ഇ.എസ്. ഐ വിഷയത്തിൽ അനുബന്ധ രേഖകൾ സമർപ്പിക്കുന്നത് ഇനിയും വൈകരുത് : മാർ ജോസ് പുളിക്കൽ

Eranakulam

കാഞ്ഞിരപ്പള്ളി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്മേലുള്ള അന്തിമ വിജ്ഞാപനം ജൂണ്‍ 30 നു വരാനിരിക്കെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ആവശ്യപെട്ടിരിക്കുന്ന   അന്തിമ തിരുത്തല്‍ വരുത്തിയ വില്ലേജ് ഷേപ്പ് ഫയല്‍സും അനുബന്ധ രേഖകളും ഉടന്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നു കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ. കാഞ്ഞിരപ്പള്ളി പാസ്റ്ററൽ സെൻ്ററിൽ നടത്തപ്പെട്ട പന്ത്രണ്ടാമത് പാസ്റ്ററൽ കൗൺസിലിന്റെ അഞ്ചാമത്  സമ്മേളനം  ഉത്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരുത്തിയ രേഖകൾ കേന്ദ്ര പരിസ്ഥി സമർപ്പിക്കുന്നതിന് വൈകുന്നത് ആശങ്കാജനകമാണ്. ബന്ധപ്പെട്ട വകുപ്പുകളുടെയും സർക്കാരിൻ്റെയും അടിയന്തിര ഇടപെടലും തുടർ നടപടികളും ഇനിയെങ്കിലും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഉത്തരവാദിത്വപ്പെട്ടവരുടെ സത്വര നടപടികൾ പ്രതീക്ഷിക്കുന്ന ജനത്തെ നിരാശരാക്കരുതെന്നും മാർ ജോസ് പുളിക്കൽ പറഞ്ഞു.

പുതിയ വിദ്യാഭ്യാസ നയവും ഉന്നത വിദ്യാഭ്യാസവും, കരിയർ ഗൈഡൻസ് സെന്ററിന്റെ പ്രസക്തി തുടങ്ങിയ വിഷയങ്ങളെ അധികരിച്ച് കുട്ടിക്കാനം മരിയൻ കോളജിലെ  പ്രൊഫ.ബിജു പി മാണി, കേരള ഫോറസ്റ്റ് റിസേർച്ച് ഇൻസ്റ്റിറ്റൂട്ട് സയൻ്റിസ്റ്റായിരുന്ന ഡോ ജോസ് കല്ലറക്കൽ, അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളജ് കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവി ഡോ. ജൂബി മാത്യു എന്നിവർ വിഷയാവതരണം നടത്തി. തുടർന്ന് നടത്തപ്പെട്ട ചർച്ചകൾക്ക് രൂപത വികാരി ജനറാൾ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ മോഡറേറ്ററായിരുന്നു. കേരള ഗവൺമെന്റിന്റെ  കീഴിലുള്ള കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ  നൽകുന്ന പി ടി ഭാസ്കര പണിക്കർ സയൻസ് റൈറ്റിംഗ് ഫെലോഷിപ്പ് അവാർഡ്  ലഭിച്ച പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ. ജൂബി മാത്യുവിനെ കൗൺസിൽ യോഗം ആദരിച്ചു.  

വികാരി ജനറാളും ചാൻസിലറുമായ റവ.ഡോ. കുര്യൻ താമരശ്ശേരി,  പ്രൊക്കുറേറ്റർ ഫാ. ഫിലിപ്പ് തടത്തിൽ ,അജിൻ ജോസ്   തുടങ്ങിയവർ പ്രസംഗിച്ചു.