രണ്ടിടങ്ങളിലായി ആറു കുട്ടികളെ കാണാനില്ല

Kerala

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ടിടങ്ങളില്‍ നിന്നായി ആറു കുട്ടികളെ കാണാനില്ലെന്ന് പരാതി. തൃശ്ശൂര്‍ കരുവന്നൂരില്‍ മൂന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെയും പത്തനംതിട്ട പന്തളത്ത് മൂന്ന് വിദ്യാര്‍ത്ഥിനികളേയുമാണ് കാണാതായത്. തൃശൂരില്‍ തേലപ്പിള്ളി സ്വദേശികളായ കുട്ടികളെയാണ് കാണാതായത്. കരുവന്നൂര്‍ സെന്റ് ജോസഫ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് കാണാതായ കുട്ടികള്‍. സ്‌കൂള്‍ വിട്ട് വന്ന ഇവര്‍ സൈക്കിളുമായി പോകുന്നത് കണ്ടവരുണ്ടെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ ഇരിങ്ങാലക്കുട പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടികളെ കണ്ട് കിട്ടുന്നവര്‍ അടുത്തുള്ള പൊലീസ് സ്‌റ്റേഷനുമായോ ഈ നമ്പറിലോ 9446764846 ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു.

പത്തനംതിട്ടയിലെ പന്തളത്തെ ബാലാശ്രമത്തിലെ താമസക്കാരായ മൂന്ന് പെണ്‍കുട്ടികളെയാണ് ഇന്ന് രാവിലെ മുതല്‍ കാണാതായത്. രാവിലെ പതിവുപോലെ സ്‌കൂളിലേക്ക് പോയ വിദ്യാര്‍ത്ഥിനികള്‍ വൈകുന്നേരമായിട്ടും തിരിച്ചെത്തിയില്ല. പ്ലസ് വണ്‍, പ്ലസ്ടു വിദ്യാര്‍ത്ഥിനികളെയാണ് കാണാതായത്. സംഭവത്തില്‍ ബാലാശ്രമം അധികൃതരുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.