വെളിപ്പെടുത്തലില്‍ വെട്ടിലായി സി പി എം

Kerala

കണ്ണൂര്‍: ബി ജെ പി-സി പി എം ചര്‍ച്ച നടന്നെന്ന വെളിപ്പെടുത്തലില്‍ വെട്ടിലായി സി പി എം. തിരഞ്ഞെടുപ്പ് കാലത്ത് വന്ന ഈ വെളിപ്പെടുത്തല്‍ ഇടിത്തീ പോലെയാണ് എല്‍ ഡി എഫിനെ ഉലയ്ക്കുന്നത്. എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നതോടെ സി പി എം നേതൃത്വം ആശങ്കയിലാണ്. ഉന്നത നേതാവിനെതിരെ ബി ജെ പി ബന്ധമെന്ന ആരോപണം പരമ്പരാഗത വൈരിയായ സുധാകരന്‍ തന്നെ വെടിക്കെട്ടുപോലെ ഉന്നയിച്ചതോടെ കാസര്‍കോട്, കണ്ണൂര്‍, വടകര പാര്‍ലമെന്റ് മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പിനെ കാര്യമായി തന്നെ ബാധിക്കുമോയെന്ന ആശങ്കയും സി പി എമ്മിനുണ്ട്.

അതേസമയം ഇത്രയും ശക്തമായ ആരോപണം ഉയര്‍ന്നിട്ടും ഇ പി ജയരാജനെ പ്രതിരോധിക്കാന്‍ ഉന്നത നേതാക്കള്‍ ആരും രംഗത്തുവരാതിരുന്നത് പാര്‍ട്ടിക്കുള്ളിലും ചര്‍ച്ചയായിട്ടുണ്ട്. വിവാദങ്ങള്‍ കുത്തിപ്പൊക്കി വോട്ടെടുപ്പു ദിവസം ചര്‍ച്ചയാക്കേണ്ടെന്ന തന്ത്രപരമായ നിലപാടാണ് നേതൃത്വം സ്വീകരിക്കുന്നതെന്ന സൂചനയുമുണ്ട്.

കഴിഞ്ഞ ഒരുവര്‍ഷമായി പാര്‍ട്ടിയോട് ഇടഞ്ഞു നില്‍ക്കുന്ന ഇ പി ജയരാജന്‍ എല്‍ ഡി എഫ് കണ്‍വീനറെന്ന നിലയില്‍ സജീവമാകാത്തതില്‍ പരക്കെ അമര്‍ഷമുണ്ട്. ഇതു ആളിക്കത്തിച്ചുകൊണ്ടാണ് ദല്ലാള്‍ നന്ദകുമാറുമായി ബന്ധപ്പെട്ട വിവാദങ്ങളും ശോഭസുരേന്ദ്രനും കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനും ഉന്നയിച്ച ആരോപണങ്ങളും പുറത്തുവന്നത്.

കേന്ദ്രമന്ത്രിയും തിരുവനന്തപുരത്തെ ബി ജെ പി സ്ഥാനാര്‍ത്ഥിയുമായ രാജീവ് ചന്ദ്രശേഖറിന് പങ്കാളിത്തമുള്ള നിരാമയക്ക് ഇ.പിയുടെ കുടുംബത്തിന് ഷെയറുള്ള കല്യാശേരിയിലെ വൈദേകം ആയുര്‍വേദ റിസോര്‍ട്ട് നടത്തിപ്പിന് നല്‍കിയത് നേരത്തെ പാര്‍ട്ടിക്കുള്ളില്‍ തന്നെ വിവാദമായിരുന്നു. ഈ വസ്തുത നിലനില്‍ക്കവെ കെ സുധാകരനുമേല്‍ ബി ജെ പി ബന്ധം ആരോപിച്ചു കണ്ണൂരില്‍ തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയ സി പി എമ്മിനെ അതേ നാണയത്തില്‍ പൊളിച്ചടുക്കിയിരിക്കുകയാണിപ്പോള്‍ കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍.

ഇ പി ജയരാജന്‍ മഹാരാഷ്ട്ര ഗവര്‍ണറാകാന്‍ പ്രകാശ് ജാവേദ്ക്കറുമായി ഡല്‍ഹിയില്‍ ചര്‍ച്ച നടത്താന്‍ തയ്യാറായിരുന്നുവെന്നും ഇതിനുള്ള ഫ്‌ളൈറ്റ് ടിക്കറ്റ് അയച്ചുകൊടുത്തത് ദല്ലാള്‍ നന്ദകുമാറായിരുന്നുവെന്നാണ് ആരോപണം. ഇ.പി ജയരാജന്റെ മകന്‍ തനിക്ക് 2023-ജനുവരിയില്‍ അയച്ച നോട്ട് മൈ നമ്പര്‍ എസ്. എം. എസ് സന്ദേശം ഇതിനായി തെളിവായി കാണിക്കുകയും മകന്റെ ഫോണിലാണ് ഇ.പി തന്നെ ബന്ധപ്പെട്ടതെന്നുമാണ് ശോഭയുടെ ആരോപണം. എന്നാല്‍ ഒരുവിവാഹച്ചടങ്ങില്‍ വച്ചു ശോഭ, മകന്റെ ഫോണ്‍ നമ്പര്‍ വാങ്ങിയെന്നും ഇടയ്ക്കിടെ നരേന്ദ്ര മോദിയുടെ ചിത്രങ്ങള്‍ വാട്‌സ് ആപ്പില്‍ അയക്കുമായിരുന്നുവെന്നും മകന്‍ മറുപടി കൊടുത്തില്ലെന്നുമായിരുന്നു ഇ.പി ഇതിന് നല്‍കുന്ന വിശദീകരണം.

കെ.സുധാകരനാണ് ബി ജെ പിയിലേക്ക് പോവുകയെന്ന ആരോപണമാണ് ഇ.പി ജയരാജന്‍ സുധാകരന്റെ വിമര്‍ശനങ്ങള്‍ക്കു മറുപടിയായി പറഞ്ഞിരുന്നത്. സുധാകരന്‍ മറവി രോഗത്തിന് മരുന്ന് കഴിക്കാന്‍ മറന്നു പോയതാണെന്നു പരിഹസിക്കാനും ഇ.പി തയ്യാറായി. ഇതിന് പിന്നാലെയാണ് ശോഭ സുരേന്ദ്രന്‍ ഇ പിക്കെതിരെ രംഗത്തുവന്നത്. ഇതോടെ ആരോപണ കെണിയില്‍ വീണ ഇ. പി ജയരാജനെ പിന്‍തുണയ്ക്കാന്‍ സി.പി. എം കണ്ണൂര്‍ ജില്ലാനേതൃത്വം പോലും മുന്‍പോട്ടുവരാത്തത് അണികളിലും ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടങ്ങളില്‍ എല്‍.ഡി. എഫ് കണ്‍വീനര്‍ തന്നെ വിവാദങ്ങളില്‍ വീണത് ജനവിധിയില്‍ എങ്ങനെ പ്രതിഫലിക്കുമെന്ന ആശങ്കയിലാണ് സി.പി. എം.