ആരോപണങ്ങള്‍ക്കിടെയുള്ള തീ പിടുത്തത്തില്‍ ദുരൂഹത

Kerala

ഒരാഴ്ചക്കിടെയാണ് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ രണ്ടിടങ്ങളിലെ ഗോഡൗണുകളില്‍ തീപിടുത്തം ഉണ്ടായത്

തിരുവനന്തപുരം: ഒരാഴ്ചക്കിടെ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ രണ്ട് ഗോഡൗണുകളില്‍ തിപിടുത്തമുണ്ടായത് ദുരൂഹത ഉയര്‍ത്തുന്നു. അഞ്ച് ദിവസത്തിനിടെ ഒരേ സ്വഭാവമുളള രണ്ടാമത്തെ തീപിടുത്തമാണ് ഇന്നലെ രാത്രി തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ഗോഡൗണില്‍ ഉണ്ടായത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കൊല്ലത്തെ ഗോഡൗണില്‍ തീപിടുത്തമുണ്ടാവുന്നത്. കൊല്ലത്തും അര്‍ദ്ധരാത്രിയാണ് തീപിടിത്തം. കൊല്ലത്തും ബ്ലീച്ചിംഗ് പൗഡര്‍ സൂക്ഷിച്ചിരുന്ന സ്ഥലം തന്നെയാണ് കത്തിയിരുന്നത്. ഒരിടത്ത് തീ പിടുത്തം ഉണ്ടായിട്ടും സമാന സ്വഭാവമുള്ള സാധനങ്ങള്‍ സൂക്ഷിക്കുന്ന മറ്റിടങ്ങളില്‍ എന്തുകൊണ്ട് മുന്‍കരുതല്‍ എടുത്തില്ലെന്ന ചോദ്യമാണ് ഉയരുന്നത്.

കൊറോണക്കാലത്ത് ആരോഗ്യ വകുപ്പ് നടത്തിയ അഴിമതിയെ കുറിച്ചുള്ള അന്വേഷണം നടക്കുന്നതിനിടെ തീ പിടുത്തമുണ്ടായത് ദുരൂഹത ഉയര്‍ത്തുന്നതാണെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചുകഴിഞ്ഞിട്ടുണ്ട്. പുതിയ എം ഡി ജീവന്‍ ബാബു ചുമതല ഏറ്റെടുത്ത് ഒരു മാസം തികയും മുന്‍പാണ് രണ്ട് ഗോഡൗണുകളില്‍ തീപിടിത്തമുണ്ടായതെന്നത് എടുത്തു പറയേണ്ട യാഥാര്‍ഥ്യമാണ്. ബ്ലീച്ചിംഗ് പൗഡറില്‍ എങ്ങിനെ തീ പിടിച്ചു എന്നും സ്‌ഫോടനം നടക്കാനുള്ള കെമിക്കല്‍ ഇതില്‍ കലര്‍ന്നിരുന്നോയെന്നും അന്വേഷിക്കേണ്ടതാണ്. അങ്ങനെ എങ്കില്‍ അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ ഉദ്യോഗസ്ഥര്‍ക്ക് രക്ഷപെടാന്‍ ആവില്ല. ഗോഡൗണില്‍ മറ്റെന്തെങ്കിലും രാസ വസ്തു സൂക്ഷിച്ചിരുന്നോയെന്നും പരിശോധിക്കുകയാണ്.

അതേസമയം കൊല്ലത്തെ തീ പിടുത്തത്തിന് കാരണമായി പറയുന്നത് പോലെ തിരുവനന്തപുരത്തെ തീ പിടുത്തത്തിന്റെ ഉത്തരവാദിത്വം ഇടിമിന്നലിന്റെ തലയില്‍ കെട്ടിവെച്ച് രക്ഷപ്പെടാനുള്ള നീക്കവുമുണ്ട്. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് പ്രതിപക്ഷം പറയുന്നത്. ബ്ലീച്ചിംഗ് പൗഡര്‍ ഭാഗത്താണ് ആദ്യം തീപിടുത്തം ഉണ്ടായതെന്ന് ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. തീപിടുത്തത്തിന്റെ കാരണം കണ്ടെത്തണം. ഫോറന്‍സിക് പരിശോധന നടത്തണം. മറ്റ് കെ എം എസ് സി എല്‍ സ്ഥലങ്ങളിലെ സുരക്ഷ പരിശോധിക്കും. സെക്യൂരിറ്റി ജീവനക്കാരനും വെയര്‍ ഹൗസ് മാനേജറും സ്ഥലത്ത് ഉണ്ടായിരുന്നു. മറ്റ് അട്ടിമറികള്‍ എന്തേലും ഉള്ളതായി ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നുമാണ് കലക്ടര്‍ ഇതുസംബന്ധിച്ച് വ്യക്തമാക്കിയത്.

അതിനിടെ ആരോഗ്യ വകുപ്പ് ഉപയോഗിച്ച ഈ കെട്ടിടത്തിന് ആവശ്യമാ ലൈസന്‍സുകള്‍ ഉണ്ടായിരുന്നില്ലെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.