ന്യൂഡല്‍ഹി: ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള നിസാര പ്രകോപനങ്ങളും വഴക്കുകളും ക്രൂരതയായി കണക്കാക്കരുതെന്ന് സുപ്രീം കോടതി. ദൈനം ദിന ദാമ്പത്യ ജീവിതത്തില്‍ ഇവ സാധാരണമാണെന്നും സുപ്രീം കോടതി പറഞ്ഞു. സഹിഷ്ണുത, പരസ്പര ബഹുമാനം എന്നിവയാണ് നല്ല ദാമ്പത്യത്തിന്റെ അടിസ്ഥാനമെന്നും ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. തെറ്റുകളോടുള്ള സഹിഷ്ണുത എല്ലാ ദാമ്പത്യത്തിലും ഒരുപരിധി വരെ അന്തര്‍ലീനമായിരിക്കണമെന്നും ബെഞ്ച് പറഞ്ഞു. ഭര്‍ത്താവിനെതിരെ യുവതി നല്‍കിയ സ്ത്രീധന പീഡനക്കേസ് റദ്ദാക്കിയാണ് സുപ്രീം കോടതിയുടെ പരാമര്‍ശം.
കോടതികളുടെ സാങ്കേതികവും അതിസൂക്ഷ്മവുമായ സമീപനം വിവാഹം എന്ന സമ്പ്രദായത്തിന് തന്നെ വിനാശകരമാണെന്ന് പറഞ്ഞ ജസ്റ്റിസ് പര്‍ദിവാല, വിവാഹ തര്‍ക്കങ്ങളില്‍ കഷ്ടപ്പെടുന്നത് കുട്ടികളാണെന്നും വ്യക്തമാക്കി. ഭാര്യയോട് ചെയ്യുന്ന ഉപദ്രവം മോശമായ പെരുമാറ്റം എന്നീ പരാതികളില്‍ എല്ലാ സാഹചര്യങ്ങളിലും കജഇ 498അ വകുപ്പ് യാന്ത്രികമായി പ്രയോഗിക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. സ്ത്രീധന പീഡനത്തിന് ക്രമിനല്‍ കേസ് റദ്ദാക്കണമെന്ന ഭര്‍ത്താവിന്റെ ഹര്‍ജി തള്ളിയ പഞ്ചാബ്, ഹരിയാന ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. ഭര്‍ത്താവും കുടുംബാംഗങ്ങളും സ്ത്രീധനം ആവശ്യപ്പെട്ട് മാനസികമായും ശാരീരികമായും പീഡിപ്പിച്ചു എന്നായിരുന്നു ഭാര്യയുടെ പരാതി. വിവാഹത്തിന് ശേഷം ഭാര്യ, മരുമകള്‍ എന്ന നിലയിലുള്ള ചുമതലകള്‍ നിറവേറ്റുന്നതില്‍ താന്‍ പരാജയപ്പെട്ടു എന്ന് പറഞ്ഞ് പീഡിപ്പിച്ചതായും യുവതി പരാതിയില്‍ പറഞ്ഞു.
എഫ് ഐ ആറിലും കുറ്റപത്രത്തിലും സ്ത്രീ ഉന്നയിക്കുന്ന ആരോപണങ്ങള്‍ തികച്ചും അവ്യക്തമാണെന്ന് കോടതി കണ്ടെത്തി. ക്രിമിനല്‍ പെരുമാറ്റത്തിന്റെ സ്വഭാവങ്ങളൊന്നും ഇതില്‍ ഇല്ല എന്നും കോടതി നിരീക്ഷിച്ചു. പ്രതിയുടെ ഭാര്യ സമര്‍പ്പിച്ച എഫ് ഐ ആര്‍, വിവാഹമോചന ഹര്‍ജിക്ക് എതിരായി നല്‍കിയ ആരോപണം മാത്രമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.