ന്യൂദല്‍ഹി: കൊല്‍ക്കത്ത സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ദേശീയ ദൗത്യസംഘത്തിന് രൂപം നല്‍കി സുപ്രീംകോടതി. നാവിക സേന മെഡിക്കല്‍ വിഭാഗം മേധാവി സര്‍ജന്‍റ് വൈസ് അഡ്മിറല്‍ ഡോക്ടര്‍ ആര്‍ സരിന്‍റെ നേതൃത്വത്തിലാണ് സംഘം രൂപികരിച്ചത്.
ഡോക്ടര്‍മാര്‍ക്കെതിരായ അക്രമം തടയാന്‍ കേരളത്തിലടക്കം നിയമമുണ്ടെങ്കിലും മെഡിക്കല്‍ രംഗത്തെ സുരക്ഷ വീഴ്ച തടയാനാവുന്നിലെന്നും കോടതി നിരീക്ഷിച്ചു. കൊല്‍ക്കത്ത സംഭവത്തില്‍ വ്യാഴ്ചാഴ്ച തല്‍സ്ഥിതി അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ സിബിഐയോട് കോടതി നിര്‍ദ്ദേശിച്ചു. പശ്ചിമബംഗാളില്‍ ഗുരുതരമായ ക്രമസമാധാന തകര്‍ച്ചയുണ്ടായെന്ന് കേന്ദ്രം കോടതിയില്‍ കുറ്റപ്പെടുത്തി.
കടുത്ത ആശങ്കയും ഞെട്ടലുമുണ്ടാക്കുന്ന സംഭവമെന്ന് ചൂണ്ടിക്കാട്ടിയാണ് കൊല്‍ക്കത്തയിലെ വനിത ഡോക്ടറുടെ ബലാത്സംഗ കൊലയില്‍ സ്വമേധയായ എടുത്ത കേസ് കോടതി പരിഗണിച്ചത്. രാജ്യമൊട്ടാകെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ സുരക്ഷയില്‍ വലിയ വെല്ലുവിളി നേരിടുന്നുവെന്ന് നിരീക്ഷിച്ചാണ് ദേശീയ തലത്തില്‍ പത്തംഗം ദൗത്യ സംഘത്തിന് കോടതി രൂപം നല്‍കിയത്. നാവികാ സേനാ മെഡിക്കല്‍ വിഭാഗം മേധാവി നേതൃത്വം നല്‍കും.
എയിംസ് ഡയറക്ടറും അംഗമാകും. ക്യാബിനറ്റ് സെക്രട്ടറി ഉള്‍പ്പടെയുള്ള സെക്രട്ടറിമാര്‍ അനൗദ്യോഗിക അംഗങ്ങളുമാകും. വനിതാ ജീവനക്കാരാണ് ആശുപത്രികളില്‍ കൂടുതല്‍ അക്രമങ്ങള്‍ക്കിരയാകുന്നതെന്ന് കോടതി നിരീക്ഷിച്ചു. അവരുടെ ജീവന്‍ രക്ഷിക്കാന്‍ സംവിധാനങ്ങളുടെ വലിയ പോരായ്മയുണ്ട്. കേരളത്തിലടക്കം നിയമുണ്ടെങ്കിലും പര്യാപ്തമല്ല. ഭക്ഷണം പോലുമില്ലാതെ മണിക്കൂറുകളോളം ഡോക്ടര്‍മാര്‍ക്ക് ജോലി ചെയ്യേണ്ടി വരുന്നു.
പരാതിപ്പെട്ടാല്‍ ജോലി പോകുമെന്ന ഭയവും. ഈ പശ്ചാത്തലത്തില്‍ ആശുപത്രികളില്‍ കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍ ഏർപ്പെടുത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു. അത്യാഹിത വിഭാഗങ്ങളില്‍ കൂടുതല്‍ സുരക്ഷാ ജീവനക്കാരെ വിന്യസിക്കണം, ലഗേജുകള്‍ പരിശോധിച്ച് ആയുധങ്ങള്‍ ആശുപത്രിക്കുള്ളിലേക്ക് കടത്തുന്നിലെന്ന് ഉറപ്പ് വരുത്തണം. ഡോക്ടര്‍മാര്‍ക്കും, നഴ്സസുമാര്‍ക്കും പ്രത്യേകം വിശ്രമ മുറികള്‍ വേണം, ആണ്‍ പെണ്‍ ഭേദമുണ്ടാകണം തുടങ്ങിയവയാണ് പ്രധാന നിര്‍ദേശ്ങ്ങള്‍. കൊല്‍ക്കത്ത സംഭവത്തില്‍ ആശുപത്രിയുടെയും സര്‍ക്കാരിന്‍റെയും ഭാഗത്ത് നിന്നുണ്ടായ വീഴ്ചകള്‍ ഒരോന്നായി കോടതി എണ്ണമിട്ടു.
മൃഗീയ കൊലപാതകത്തെ ആത്മഹത്യയാക്കാനാണ് ശ്രമിച്ചത്. പുലര്‍ച്ചെ കൊലപാതകം നടന്നെങ്കില്‍ എഫഐആര്‍ രജിസ്റ്റര്‍ ചെയ്തതത് രാത്രി അതും മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്ത ശേഷം. സംസ്ഥാനത്ത് ക്രമസമാധാന തകര്‍ച്ചയുണ്ടെന്ന കേന്ദ്രം ചൂണ്ടിക്കാട്ടിയപ്പോള്‍ ഏഴായിരത്തോളം അക്രമികള്‍ക്ക് ആശുപത്രിയില്‍ തള്ളിക്കയറാനായത് പോലീസിന്‍റെ വീഴ്ചയാണെന്നും കോടതി നിരീക്ഷിച്ചു