കണ്ണൂര്‍: പഠനകാലത്ത് പൂവണിയാതെ പോയ പ്രണയം പൂര്‍വ്വ വിദ്യാര്‍ത്ഥി വാട്‌സാപ്പില്‍ പൂത്തുലഞ്ഞതോടെ ഉടലെടുത്ത പ്രശ്‌നങ്ങളാണ് പയ്യന്നൂരില്‍ യുവതിയുടെ കൊലയില്‍ കലാശിച്ചതെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. പഠനകാലത്ത് അനിലയും സുദര്‍ശന്‍ പ്രസാദ് എന്ന ബിജുവും അടുപ്പത്തിലായിരുന്നു. എന്നാല്‍ ജീവിതത്തില്‍ ഇരുവഴികളിലായി സഞ്ചരിക്കേണ്ടി വന്ന ഇവര്‍ക്ക് മറ്റു പലരെയും പോലെ ഒന്നിക്കാനായില്ല. എന്നാല്‍ സോഷ്യല്‍ മീഡിയയിലൂടെ പൂര്‍വ്വ വിദ്യാര്‍ത്ഥികളെ തേടിപ്പിടിച്ചു സുഹൃത്തുക്കളാക്കി മാറ്റുകയും ഇത്തരം കൂട്ടായ്മകള്‍ വിപുലീകരിച്ചു ഔദ്യോഗിക സ്വഭാവത്തോടെ പ്രവര്‍ത്തിക്കാനും തുടങ്ങിയ സാഹചര്യം കൊല്ലപ്പെട്ട അനിലയ്ക്കും ആണ്‍ സുഹൃത്തായ സുദര്‍ശന്‍ പ്രസാദിനും വീണ്ടും അടുക്കാനുള്ള അവസരമായി മാറുകയായിരുന്നു.
ഫോണ്‍ വിളികളും വാട്‌സ് ആപ്പ് സന്ദേശങ്ങളും അതിരുവിടാന്‍ തുടങ്ങിയത് ഇരുവരുടെയും ദാമ്പത്യ ജീവിതങ്ങളില്‍ അശാന്തിയുണ്ടാക്കി. മാത്രമല്ല രണ്ടു മക്കള്‍ വീതമുള്ള കുടുംബങ്ങളില്‍ ബന്ധങ്ങളില്‍ വിള്ളലുകള്‍ വീഴ്ത്തുന്നതിനും ഇത് കാരണമായി. തുടര്‍ന്ന് ഇരുവരുടെയും ബന്ധുക്കള്‍ ഇടപെട്ട് വളരെ നയപരമായി അടുപ്പം ഇല്ലാതാക്കിയെങ്കിലും ചെറിയൊരു ഇടവേളയ്ക്കു ശേഷം പൂര്‍വ്വാധികം ശക്തിയോടെ വീണ്ടും തുടങ്ങുകയായിരുന്നു.
എന്നാല്‍ ഇതിനകം സുദര്‍ശന്‍ പ്രസാദിനാണ് ഇതില്‍ കൂടുതല്‍ നഷ്ടം സംഭവിച്ചത്. ഭാര്യയും മക്കളുമായി അകന്ന ഇയാള്‍ കൊലപാതക സമയത്ത് മദ്യം ഉപയോഗിച്ചിരുന്നതായി പൊലിസിന് സംശയമുണ്ട്. വ്യാപാര സ്ഥാപനത്തിലേക്ക് ജോലിക്കുപോയ അനില 10 മണിയോടെ പുറത്തേക്ക് പോയതായും പിന്നീട് ആണ്‍ സുഹൃത്തിനൊപ്പം ബൈക്കില്‍ പയ്യന്നൂര്‍ കൊരവയലിലെ വീട്ടിലെത്തിയതായും പൊലീസ് കണ്ടെത്തി. സുദര്‍ശന്‍ പ്രസാദ് ആസൂത്രിതമായി അനിലയെ കൊല നടത്തുന്നതിനായി കൊണ്ടു വന്നതാണെന്നാണ് സൂചന. ഇവരെത്തി മണിക്കൂറുകള്‍ക്കുള്ളില്‍ കൊലപാതകം നടത്തിയതിന്റെ തെളിവുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഷാള്‍ കഴുത്തില്‍ കുരുക്കി വീടിന്റെ അടുക്കള ഭാഗത്ത് വച്ചാണ് പ്രതി കൃത്യം നിറവേറ്റിയത്. ശനിയാഴ്ച മൂന്ന് മണിക്ക് മുമ്പേ യുവതിയുടെ മരണം സംഭവിച്ചതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്. കൃത്യം നടത്തിയ പ്രതി വീട്ടില്‍ നിന്നും മുങ്ങിയ ശേഷം പരിയാരം പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ കടയില്‍ നിന്നും വൈകുന്നേരം നാലു മണിക്ക് കയര്‍ വാങ്ങിയതായി പരിയാരം പൊലീസും കണ്ടെത്തിയിട്ടുണ്ട്. ഈ കയറാണ് തൂങ്ങി മരിക്കാന്‍ ഉപയോഗിച്ചിരുന്നത്.
ശനിയാഴ്ച രാവിലെ പതിനൊന്നോടെ കാമുകിയായ അനിലയെ ഈ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നുവെന്നാണ് പൊലീസ് നിഗമനം. വീട്ടിലെത്തിയ ശേഷം അനിലയെ എന്തോ ആവശ്യം പറഞ്ഞ് അടുക്കളയിലേക്ക് പറഞ്ഞയച്ച സുദര്‍ശന പ്രസാദ് പിറകില്‍ നിന്നും ഷാളിട്ടു മുറുക്കിയാണ് കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. പിടിവലി നടന്നതിന്റെ ലക്ഷങ്ങണങ്ങളൊന്നും കണ്ടെത്തിയിട്ടില്ല.
അനിലയുടെ മരണം ഉറപ്പാക്കിയശേഷം പ്രതി അന്നൂരിലെ വീട്ടില്‍നിന്നും എത്ര മണിക്കാണ് പുറത്തേക്ക് പോയതെന്നും കൂടെ ആരെങ്കിലുമുണ്ടായിരുന്നോവെന്ന് കണ്ടെത്താന്‍ പ്രദേശത്തെ നിരീക്ഷണ കാമറ ദൃശ്യങ്ങള്‍ കണ്ടെത്താനുള്ള പരിശ്രമത്തിലാണ് പൊലീസ്.
അനിലയുമായി അടുത്തതോടെ സുദര്‍ശന പ്രസാദിന്റെ ഭാര്യ നിഷയും രണ്ടുമക്കളും ഇയാളില്‍ നിന്നകന്ന് സമീപകാലത്തായി ഏറണാകുളത്തെ വീട്ടിലാണ് താമസം. ഭാര്യയും മക്കളും അകന്നുപോയതിനുള്ള മനോവിഷമമായിരിക്കാം ക്രൂരകൃതത്തിന് ശേഷം ഇയാള്‍ ആത്മഹത്യ ചെയ്തതെന്നാണ് പൊലിസ് അന്വേഷണത്തില്‍ തെളിയുന്നത്.