കെ കെ രമയുടെ മൊഴിയെടുത്ത എ എസ് ഐക്ക് വയനാട്ടിലേക്ക് സ്ഥലം മാറ്റം

Kannur

കണ്ണൂര്‍: ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കുന്നതുമായി ബന്ധപ്പെട്ട് കെ കെ രമയുടെ മൊഴിയെടുത്ത പൊലീസ് ഉദ്യോഗസ്ഥന് സ്ഥലം മാറ്റം. കൊളവല്ലൂര്‍ എ എസ് ഐ ശ്രീജിത്തിനെയാണ് സ്ഥലം മാറ്റിയത്. കൊളവല്ലൂര്‍ പൊലീസ് സ്‌റ്റേഷനില്‍ നിന്ന് വയനാട്ടിലേക്കാണ് സ്ഥലം മാറ്റിയത്. പ്രതികള്‍ക്ക് ശിക്ഷാ ഇളവു നല്‍കാനുള്ള നീക്കത്തില്‍ സര്‍ക്കാര്‍ പ്രതിരോധത്തിലായിരുന്നു.

ട്രൗസര്‍ മനോജിന് ഇളവ് നല്‍കാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടായിരുന്നു കെ കെ രമയുടെ മൊഴിയെടുത്തത്. ടി പി വധക്കേസില്‍ നേരിട്ട് പങ്കാളികളായ ടി.കെ.രജീഷ്, അണ്ണന്‍ സിജിത്, മുഹമ്മദ് ഷാഫി എന്നിവര്‍ക്ക് ഇളവ് നല്‍കാനുള്ള നീക്കമാണ് വിവാദമായത്. 20 വര്‍ഷം വരെ ഈ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കരുതെന്ന ഹൈക്കോടതി വിധി നിലനില്‍ക്കെയായിരുന്നു സര്‍ക്കാര്‍ നീക്കം.

സര്‍ക്കാര്‍ പ്രതികള്‍ക്ക് സംരക്ഷണം ഒരുക്കുന്നുവെന്ന് പ്രതിപക്ഷ ആരോപണവും ശക്തമാക്കിയിരുന്നു. ഇതോടെ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാന്‍ ശുപാര്‍ശ ചെയ്ത ജയില്‍ ഉദ്യോഗസ്ഥരെയടക്കം സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ശിക്ഷാ ഇളവിനുള്ള ശുപാര്‍ശയില്‍ ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ തടവുകാരെ ഉള്‍പ്പെടുത്തി പൊലീസ് റിപ്പോര്‍ട്ട് തേടിയ ജയില്‍ ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവ് നല്‍കിയിരുന്നു. മൂന്ന് ജയില്‍ ഉദ്യോഗസ്ഥരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.