കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി, അന്യായമായി തടങ്കലില്‍വെച്ചു, അസഭ്യം പറഞ്ഞു; ഡ്രൈവര്‍ യദുവിന്‍റെ പരാതിയില്‍ മേയര്‍ക്കും ഭര്‍ത്താവിനുമെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

Kerala

തിരുവനന്തപുരം: ഡ്രൈവര്‍ യദുവിന്റെ പരാതിയില്‍ മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എം എല്‍ എയുമായ സച്ചിന്‍ ദേവിനുമെതിരെ കേസെടുക്കാന്‍ ഉത്തരവ്. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ടേറ്റ് കോടതിയാണ് ഉത്തരവിട്ടത്. മേയര്‍ ആര്യാ രാജേന്ദ്രന്‍, ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എ, മേയറുടെ സഹോദരന്‍ അരവിന്ദ്, ഭാര്യ ആര്യ, കണ്ടാലറിയാവുന്ന ഒരാള്‍ എന്നിവര്‍ക്കെതിരെയായിരുന്നു യദുവിന്റെ പരാതി. കന്റോണ്‍മെന്റ് പൊലീസിനോടാണ് കേസെടുക്കാന്‍ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ടേറ്റ് കോടതി 3 നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, അന്യായമായി തടങ്കലില്‍ വയ്ക്കല്‍, അസഭ്യം പറയല്‍ എന്നീ പരാതികളാണ് ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നത്. പരാതി കോടതി പൊലീസിന് കൈമാറി. പരാതിയില്‍ പൊലീസ് കേസെടുക്കാത്തതുകൊണ്ടാണ് യദു കോടതിയെ സമീപിച്ചത്. ഇക്കഴിഞ്ഞ നാലാം തീയതിയും സമാന സംഭവത്തിന് കന്റോണ്‍മെന്റ് പൊലീസ് മേയര്‍ക്കും ഭര്‍ത്താവിനും ഒപ്പമുണ്ടായിരുന്ന അഞ്ച് പേര്‍ക്കുമെതിരെ കേസെടുത്തിരുന്നു. കെ എസ് ആര്‍ ടി സി ബസ് നടുറോഡില്‍ തടഞ്ഞിട്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന് കാട്ടി നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയില്‍ ഉചിതമായ നടപടി സ്വീകരിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി എടുത്തത്.

ഗതാഗതം തടസപ്പെടുത്തിയതിന് ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അഭിഭാഷകനായ ബൈജു നോയലിന്റെ ഹര്‍ജിയിലാണ് നടപടി. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി എന്നായിരുന്നു ബൈജു നോയല്‍ നല്‍കിയ പരാതി.

സമാനസ്വഭാവമുള്ള ഹര്‍ജിയില്‍ കഴിഞ്ഞ ദിവസം എടുത്ത കേസില്‍ അന്വേഷണം നടത്തുന്ന കാര്യം സര്‍ക്കാര്‍ കോടതിയെ അറിയിക്കാനാണ് സാധ്യത. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നാണ് ഹര്‍ജി പരിഗണിക്കുന്നത്. അതേസമയം, ബസ്സിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാതായ സംഭവത്തില്‍ പൊലിസ് അന്വേഷണം തുടരുകയാണ്.