‘കാഫിര്‍’ പ്രതികളെ പൊലീസ് പിടിച്ചില്ലെങ്കില്‍ ഞങ്ങള്‍ പിടിക്കും: എം കെ മുനീര്‍

Kozhikode

വടകര: തെരഞ്ഞെടുപ്പു ഫലത്തിനു മുന്‍പ് വ്യാജസ്‌ക്രീന്‍ ഷോട്ട് കേസിലെ പ്രതികളെ പിടികൂടിയില്ലെങ്കില്‍ ആ ദൗത്യം യുഡിഎഫിലെ ചെറുപ്പക്കാര്‍ ഏറ്റെടുക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി എം.കെ മുനീര്‍ എംഎല്‍എ. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ പേര് മാര്‍ക്‌സ് സംഘികള്‍ എന്നാക്കി മാറ്റുന്നതാണ് ഉചിതമെന്നും അദ്ദേഹം പറഞ്ഞു. ‘കാഫിര്‍ ‘ വ്യാജ സ്‌ക്രീന്‍ഷോട്ട് കേസിലെ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് യുഡിവൈഎഫ് ജില്ലാ കമ്മിറ്റി ജില്ലാ പൊലീസ് ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.കെ മുനീര്‍.

ഷാഫി പറമ്പില്‍ വടകരയില്‍ സ്ഥാനാര്‍ഥിയായി എത്തിയതു മുതല്‍ മാന്യമല്ലാത്ത രീതിയിലാണ് സിപിഎം ഇടപെട്ടുകൊണ്ടിരുന്നത്. തോല്‍വി ഉറപ്പായപ്പോള്‍ അത് ഉത്തരേന്ത്യയിലെ സംഘികളെ വെല്ലുന്ന നിലയിലേക്കു മാറി. ഒരു സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചാല്‍ അതിന്റെ ഉറവിടം കണ്ടെത്താന്‍ ഇക്കാലത്ത് വലിയ ബുദ്ധിമുട്ടുളള കാര്യമല്ല. അതിനു പൊലീസിനു കഴിയുന്നില്ലെങ്കില്‍ അവര്‍ വേറെ പണിക്കുപോകണം. തെരഞ്ഞെടുപ്പു ഫലത്തിനു മുന്‍പ് പ്രതികളെ പിടികൂടിയില്ലെങ്കില്‍ യുഡിഎഫിലെ ചെറുപ്പക്കാര്‍ അവരെ കണ്ടെത്തി പൊതുജനങ്ങള്‍ക്ക് മുന്നിലെത്തിക്കുമെന്നും എം.കെ മുനീര്‍ പറഞ്ഞു. മുഖ്യമന്ത്രി ദുബായ്, സിംഗപ്പൂര്‍, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ആകയാല്‍ അദ്ദേഹത്തിന് ആഭ്യന്തരം നോക്കാന്‍ സമയമില്ലെന്നും മുനീര്‍ പരിഹസിച്ചു.

യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂർ അധ്യക്ഷനായിരുന്നു. ജില്ലാ യുഡിഎഫ് ചെയർമാൻ കെ ബാലനാരായണൻ യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ട് സാജിദ് നടുവണ്ണൂർ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി പി ദുൽഖിഫിൽ യൂത്ത് ലീഗ് ദേശീയ സെക്രട്ടറി ആഷിക് ചെലവൂർ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബവിത്ത് മലോൽ എന്നിവർ സംസാരിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ ഷെഹിൻ മാർച്ചിൽ സ്വാഗതവും സുജിത്ത് ഖാൻ നന്ദിയും പറഞ്ഞു.

മാർച്ചിന് എംഎസ്എഫ് ദേശീയ വൈസ് പ്രസിഡണ്ട് ലത്തീഫ് തുറയൂർ എംഎസ്എഫ് ജില്ലാ പ്രസിഡണ്ട് അഫ്നാസ് ചോറോട് യു ഡിവൈഎഫ് ഭാരവാഹികളായ ശുഹൈബ് കുന്നത്ത് ഷാജഹാൻ പി ജലീൽ ബാബിലാൽ വികെസി അഫ്സൽ തുടങ്ങിയവർ നേതൃത്വം നൽകി