ഹക്കീം ഫൈസി ഉണ്ടാകില്ലെന്ന് പറഞ്ഞതിനാലാണ് താന്‍ പരിപാടിയില്‍ പങ്കെടുത്തതെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞതായി ഹമീദലി ഫൈസി

Kozhikode

എ.വി. ഫര്‍ദിസ്

കോഴിക്കോട്: ഹക്കീം ഫൈസി ആദൃശ്ശേരി ഉണ്ടാകില്ലെന്ന് സംഘാടകര്‍ പറഞ്ഞതനുസരിച്ചാണ് താന്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ പോയതെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞതായി ഹമീദലി ഫൈസി അമ്പലക്കടവ് പറഞ്ഞു.

സി.ഐ.സി വിവാദവുമായി ബന്ധപ്പെട്ട് കോഴിക്കോട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു എസ്.വൈ. എസ് സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി കൂടിയായ ഹമീദ് ഫൈസി.
എന്നാല്‍ തങ്ങളെയും ഫൈസിയുടെയും ഫോട്ടോ വെച്ച് ആദ്യമേ പോസ്റ്റര്‍ പുറത്തിറക്കിയത് മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചപ്പോള്‍, അതുകൊണ്ട് തന്നെ തങ്ങള്‍ പോകില്ലെന്ന് തന്നെ തീരുമാനിച്ചതായിരുന്നു. എന്നാല്‍ ഹക്കീം ഫൈസി ഉണ്ടാകില്ലെന്ന ഉറപ്പ് പറഞ്ഞതിനാലാണ് പോയതെന്നും പക്ഷേ യാദൃച്ഛികമായി അദ്ദേഹമവിടെയെത്തുകയായിരുന്നു. എന്റെ ഒരു രീതിയനുസരിച്ച് ഒരാളെ വേദിയില്‍ നിന്ന് പുറത്താക്കുവാനും മറ്റും തനിക്ക് കഴിയില്ലെന്നും അതുകൊണ്ടാണ് അദ്ദേഹത്തോടൊപ്പം പരിപാടിയില്‍ പങ്കെടുത്തതതെന്നും തങ്ങള്‍ പറഞ്ഞതായും ഹമീദ് ഫൈസി ചോദ്യങ്ങള്‍ക്കുത്തരമായി പറഞ്ഞു.

താന്‍ ആത്മാര്‍ഥതയുള്ള മുസ്‌ലിം ലീഗ് പ്രവര്‍ത്തകനാണെന്ന് കുറച്ചാളുകളെയെങ്കിലും തെറ്റിദ്ധരിപ്പിക്കുവാന്‍ ഹക്കീം ഫൈസിക്ക് സാധിച്ചിട്ടുണ്ട്. സി.എച്ച്, തങ്ങള്‍ തുടങ്ങിയവരെക്കുറിച്ചെല്ലാം ഇടയ്ക്കിടക്ക് പറഞ്ഞ് ഒരു വലിയ വിദ്യാഭ്യാസപ്രവര്‍ത്തകനാണെന്ന ലേബലലിലാണ് ഇദ്ദേഹം പലപ്പോഴും പ്രവര്‍ത്തിച്ചതെന്നും ഹമീദ് ഫൈസി പറഞ്ഞു.

സി.ഐ.സി വിഷയവുമായി ബന്ധപ്പെട്ട് ഹക്കീം ഫൈസി ആദൃശ്ശേരി പ്രചരിപ്പിക്കുന്ന പ്രചാരണങ്ങള്‍ക്കെതിരെ മാര്‍ച്ച് ഒന്നിന് കോഴിക്കോട്ട് പൊതുസമ്മേളനം സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചതായും ഈ സമ്മേളനത്തില്‍ വെച്ച് അദ്ദേഹത്തിന്റെ ആദര്‍ശ വ്യതിയാനവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സമൂഹത്തിന് മുന്‍പില്‍ തുറന്നു പറയുമെന്നും സംസ്ഥാന ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജമലുല്ലൈലി തങ്ങള്‍, കെ.മോയിന്‍ കുട്ടി മാസ്റ്റര്‍, മുസ്തഫ മുണ്ടുപാറ എന്നിവരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *