തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ദൈവത്തോട് ഉപമിച്ചും താരതമ്യപ്പെടുത്തിയും സി പി എം നേതാവ് എ കെ ബാലന്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ യാത്രയുമായി ബന്ധപ്പെട്ട ചോദ്യങ്ങളിലെ പ്രതികരണത്തിലാണ് എ കെ ബാലന്‍ മുഖ്യമന്ത്രിയേയും ദൈവത്തേയും താരതമ്യം ചെയ്തത്. ആറു ദിവസം കൊണ്ട് ഭൂമിയുണ്ടാക്കിയ ദൈവം പോലും ഏഴാം ദിവസം വിശ്രമത്തിന് പോയില്ലെ. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വലിയ ജോലിയാണ് മുഖ്യമന്ത്രി ചെയ്തത്. അദ്ദേഹവും ഒന്ന് വിശ്രമിക്കട്ടെ. മുമ്പും മന്ത്രിമാര്‍ വിദേശത്ത് പോയിട്ടുണ്ടെന്നും അന്നൊന്നും ഇത്ര വിവാദം ഉണ്ടായിട്ടില്ലെന്നും എ കെ ബാലന്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രയില്‍ ഇത്ര വ്യക്തത വരുത്തിയിട്ടും സംശയം തീരാത്തത് മാധ്യമങ്ങളുടെ തകരാറാണ്. സ്വകാര്യ യാത്രയാണെന്ന് മുഖ്യമന്ത്രി പോലും പറഞ്ഞു. പിന്നെ എന്തിനാണ് ഇത്ര സംശയമെന്നും എ കെ ബാലന്‍ ചോദിച്ചു. ഇന്ത്യയുടെ തെക്കേ അറ്റത്തെ ഇന്ദിരാ പോയിന്റില്‍ നിന്ന് ഒരു വിളി വിളിച്ചാല്‍ കേള്‍ക്കുന്ന സ്ഥലമാണ് ഇന്തോനേഷ്യയെന്നും എ കെ ബാലന്‍ പ്രതികരിച്ചു.
വിദേശയാത്രയുടെ ചെലവിന്റെ സ്രോതസ് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്റെ ആരോപണവും എ കെ ബാലന്‍ തള്ളി. വിദേശത്തേക്ക് പോകാന്‍ ഇപ്പോള്‍ വലിയ ചെലവ് ഒന്നുമില്ല. ഒന്നേകാല്‍ ലക്ഷം രൂപ ശമ്പളം വാങ്ങുന്ന മുഖ്യമന്ത്രിക്ക് എന്താണ് ബുദ്ധിമുട്ട്. കെ സുധാകരന്‍ ഉപയോഗിച്ച വാക്കിനൊന്നും മറുപടി ഇല്ലെന്നും എ കെ ബാലന്‍ പറഞ്ഞു. മെയ് ആറിന് ആരംഭിച്ച് 16 ദിവസം നീണ്ടു നില്‍ക്കുന്ന യാത്രയില്‍ ഇന്തോനേഷ്യ, സിംഗപ്പൂര്‍, യുഎഇ എന്നിവിടങ്ങളിലാണ് മുഖ്യമന്ത്രി സന്ദര്‍ശനം നടത്തുക. യാത്ര കഴിഞ്ഞ് 21 ന് കേരളത്തില്‍ മടങ്ങിയെത്തും.