പോക്സോ കേസ് പ്രതിയെ രക്ഷിക്കാൻ പോലീസ് ശ്രമമെന്ന് ആരോപണം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

Kozhikode

കോഴിക്കോട്: മലപ്പുറത്തെ പോക്സോ കേസ് പ്രതിയായ കൊണ്ടോട്ടി സ്വദേശി ആഷിക്കിനെ അറസ്റ്റ് ചെയ്യാതെ കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് ഒത്തുകളിക്കുകയാണെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.

കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ അന്വേഷണം നടത്തി ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ആവശ്യപ്പെട്ടു. ജൂണിൽ കോഴിക്കോട് ഗവ. ഗസ്റ്റ് ഹൌസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.

അതിജീവിതയുടെ പിതാവ് ഒരു ദൃശ്യമാധ്യമത്തിന് നൽകിയ അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

12 കാരിയായ മകളെ മാതാവിന്റെ ആൺസുഹൃത്ത് വിവിധയിടങ്ങളിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പിതാവ് കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസിന് നൽകിയ പരാതി. കഴിഞ്ഞ ജനുവരിയിലാണ് സംഭവം നടന്നത്. വയനാട്ടിലെ റിസോർട്ടിലും കോഴിക്കോടും കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതിയിൽ പറയുന്നു. വിവരം പുറത്തു പറയുമെന്ന് പെൺകുട്ടി പറഞ്ഞപ്പോൾ പിതാവിനെ മയക്കുമരുന്ന് കേസിൽ കുടുക്കുമെന്ന് പ്രതി പറഞ്ഞു. മാതാവിനോട് വിവരം പറഞ്ഞെങ്കിലും പുറത്തു പറയരുതെന്ന് മാതാവ് അതിജീവിതയോട് ആവശ്യപ്പെട്ടു. അതിജീവിതയെ പ്രതിയെന്ന നിലയിലാണ് പോലീസ് കൈകാര്യം ചെയ്തതെന്നും പിതാവ് പറഞ്ഞു. ഒരാഴ്ച മുമ്പ് മാത്രമാണ് പോലീസ് പോക്സോ കേസെടുത്തത്. എന്നാൽ പ്രതികളെ രക്ഷിക്കാനുള്ള ശ്രമം നടക്കുകയാണെന്ന് പിതാവ് പറഞ്ഞു.