കോഴിക്കോട്: അധ്യാപക ദിനത്തിൻ്റെ ഭാഗമായി സംസ്ഥാന അധ്യാപക അവാർഡ് നിർണ്ണയത്തിൽ പ്രൈമറി വിഭാഗത്തിൽ കോഴിക്കോട് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയരക്ടർ നടത്തിയ സ്ക്രീനിംഗിൽ ജില്ലയിൽ ഒന്നാം സ്ഥാനത്തെത്തി തിരുവനന്തപുരത്ത് സംസ്ഥാന തല അഭിമുഖത്തിന് യോഗ്യത നേടിയ ചേനോത്ത് ഗവ: എൽ.പി. സ്ക്കൂൾ ഹെഡ്മാസ്റ്റർ ശുക്കൂർ കോണിക്കലിനെ സ്കൂൾ പി.ടി.എ , വിദ്യാലയ വികസന സമിതി , സ്റ്റാഫ് കൗൺസിൽ എന്നിവയുടം സംയുക്താഭിമുഖ്യത്തില്‍ അനുമോദിച്ചു.
അടച്ചുപൂട്ടലിന്‍റെ വക്കിലെത്തിയ വിദ്യാലയത്തെ രണ്ടര വർഷത്തെ തീവ്ര യത്നത്തിലൂടെ സാമൂഹിക പിന്തുണ ഉറപ്പാക്കി പശ്ചാത്തല വികസനം , അക്കാദമിക മികവ് എന്നിവ സാധ്യമാക്കി പുരോഗതിയിലേക്ക് എത്തിക്കാൻ നേതൃത്വം നൽകിയതിനാണ് വിദ്യാഭ്യാസ വകുപ്പിൻ്റെ അംഗീകാരം.
കുന്ദമംഗലം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ. രാജീവ് ഉപഹാര സമർപ്പണം നടത്തി. ഗ്രാമ പഞ്ചായത്ത് അംഗം പി.ടി. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട് കെ. ശശിധരൻ , പി.ടി.എ പ്രസിഡണ്ട് പി. അജേഷ് , വിദ്യാലയ വികസന സമിതി കൺവീനർ സി. ഗംഗാധരൻ നായർ , മുൻ അധ്യാപകൻ കെ.കെ. അബ്ദുൽ ഗഫൂർ ,സി. രാജൻ , സീനിയർ അസിസ്റ്റൻ്റ് കെ.പി. നൗഷാദ് , സ്റ്റാഫ് സെക്രട്ടറി പി. പ്രീത , എസ്.ആർ. ജി കൺവീനർ അശ്വതി എൻ നായർ , വി.പി. രജിത , ട്യൂണ , സി. ജനനി പ്രസംഗിച്ചു.