തിരുവനന്തപുരം: സ്ത്രീ ജീവിതത്തിലെ 12 ഘട്ടങ്ങൾ ചിത്രീകരിക്കുന്ന ഏറ്റവും വലിയ എംബ്രോയിഡറി ക്ലോക്ക് നിർമ്മിച്ച് തിരുവനന്തപുരം മഞ്ചവിളാകം സ്വദേശിനി സുചിത്ര. എസ് “ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് സ് ” ൽ സ്ഥാനം നേടി.

ഒരു സ്ത്രീയുടെ ജീവിതചക്രത്തിലെ വിവിധ ഘട്ടങ്ങളാണ് ഓരോ മണിക്കൂറിനുമായി ക്ലോക്കിൽ തുന്നി ചേർത്തത്. 50ലേറെ മണിക്കൂർ കൊണ്ടാണ് 60 ഇഞ്ച് വ്യാസമുള്ള ഈ ക്ലോക്ക് വെള്ളത്തുണിയിൽ നിറമുള്ള നൂലുകൾ കൊണ്ട് കലാചാതുരിയോടെ നിർമ്മിച്ചത്.

സ്ത്രീ ജീവിതത്തിലെ വൈവിധ്യ ഭാവങ്ങൾ ഒരു ഒരു ക്ലോക്ക് ആയി ചിത്രീകരിച്ച ഡിസൈൻ വൈഭവമാണ് ഇൻഡ്യ ബുക്ക് റെക്കോർഡ് പ്രതിനിധികൾ സുചിത്രയുടെ നേട്ടമായി വിലയിരുത്തിയത്. ഏപ്രിൽ16 നായിരുന്നു ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് സുചിത്രയുടെ ഡിസൈൻ അംഗീകാരം നേടിയ സന്തോഷവാർത്ത അറിയിച്ചത്.
ഇലക്ട്രോണിക് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്ങിനു ശേഷമാണ് ഫാഷൻ ഡിസൈനിങ് പഠനത്തിലേക്ക് സുചിത്ര ശ്രദ്ധ ചെലുത്തിയത്. രണ്ടുവർഷത്തെ പഠനകാലയളവിൽ തന്നെ നിരവധി വിവാഹ വസ്ത്രങ്ങൾ ഡിസൈൻ ചെയ്തു തൻറെ കഴിവ് തെളിയിച്ചു.

കുട്ടിക്കാലത്ത് തന്നെ ചിത്രം വരയോടും ശില്പ ആഭരണ നിർമ്മാണത്തിലും വൈദഗ്ദ്യം ഉണ്ടായിരുന്ന സുചിത്ര മലയിൽക്കടയിലെ കോൺട്രാക്ടർ സുധാകരൻ സുജകുമാരി ദമ്പതികളുടെ മകളാണ്. ഡോക്ടർ സുഷ്മിയാണ് സഹോദരി.

ഭർത്താവ് ശ്രീരാഗിന്റെ പൂർണ്ണമായ പിന്തുണയാണ് ഫാഷൻ ഡിസൈനിങ്ങിൽ മുഴുവൻ സമയവും ചിലവഴിക്കാൻ സാധിക്കുന്നതെന്ന് പറയുന്ന സുചിത്ര, ഇടഞ്ഞി മലങ്കര കോളേജിൽ ഫാഷൻ ഡിസൈനിങ് കോഴ്സിൻ്റെ ട്രെയിനിങ് ഹെഡ് ആയി ഈ അധ്യയന വർഷം ജോലിയിൽ പ്രവേശിക്കുകയാണ്. നാലുവയസുകാരനായ അഷ്വിക് ആണ് ഈ ദമ്പതികളുടെ പുത്രൻ.