ഹാജിമാർ ലോക സമാധാനത്തിന്ന് വേണ്ടി പ്രാർത്ഥിക്കണം: ഡോ. ഹുസൈൻ മടവൂർ

Kozhikode

കരിപ്പൂർ: ഹജ്ജ് തീർത്ഥാടനത്തിന്നായി പുറപ്പെടുന്ന ഹാജിമാർ ഹജ്ജ് വേളയിൽ വിശുദ്ധ മക്കയിലും മദീനയിലും വെച്ച് ലോകസമാധാനത്തിന്ന് വേണ്ടി പ്രാർത്ഥിക്കണമെന്ന് കേരള നദ് വത്തുൽ മുജാഹിദീൻ ഉപാദ്ധ്യക്ഷൻ ഡോ. ഹുസൈൻ മടവൂർ ആവശ്യപ്പെട്ടു. നാളെ മക്കയിലേക്ക് പുറപ്പെടുന്ന ഹാജിമാർക്ക് കരിപ്പൂർ ഹജ്ജ് ഹൗസിൽ ഹജ്ജ് കമ്മിറ്റി നൽകിയ യാത്രയയപ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹജ്ജ് വിശ്വമാനവികതയുടെ സംഗമ വേളയാണ്. മനുഷ്യർക്കിടയിൽ നിലനിൽക്കുന്ന ഉച്ചനീചത്വങ്ങളും ഗോത്ര വംശ വർണ്ണ വ്യത്യാസങ്ങളുമില്ലാതെ വിശ്വാസികൾ ഒരുമിച്ച് കൂടുന്നു. മുസ്ലിംസമുദായത്തിലെ എല്ലാ അഭിപ്രായ വ്യത്യാസങ്ങൾക്കുമതീതമായി മുസ്ലിംകൾ ഒന്നിച്ച് നടത്തുന്ന ആരാധനയാണ് ഹജ്ജ്. നാട്ടിൽ സുരക്ഷിതത്വവും സുഭിക്ഷതയുമുണ്ടാവാൻ വേണ്ടി പ്രാർത്ഥിച്ച ഇബ്റാഹിം നബിയുടെ ചരിത്രം നാമോർക്കണം.

വെളുത്തവന്ന് കറുത്തവനെക്കാളോ അറബിക്ക് അനറബിയെക്കാളോ ഒരു ശ്രേഷ്ഠതയുമില്ലെന്ന് മുഹമ്മദ് നബി പ്രഖ്യാപിച്ചത് ഹജ്ജ് വേളയിലെ പ്രഭാഷണത്തിലാണ്. യുദ്ധവും അതിക്രമവും മൂലം യാതനയനുഭവിക്കുന്ന മനുഷ്യരോടൊപ്പമായിരിക്കണം നമ്മുടെ മനസ്സെന്നും അവർക്ക് വേണ്ടി നാം പ്രാർത്ഥിക്കണമെന്നും അദ്ദേഹം ഉപദേശിച്ചു. ഹജ്ജ് കമ്മിറ്റി അംഗങ്ങളായ അഡ്വ. മൊയ്തീൻ കുട്ടി, ഡോ. ഐ.പി. അബ്ദുസ്സലാം തുടങ്ങിയവരും ഹജ്ജ് സെൽ ഉദ്യോഗസ്ഥരും പങ്കെടുത്ത് നിർദ്ദേശങ്ങൾ നൽകി. തറയിട്ടാൽ ഹസ്സൈൻ സഖാഫി സ്വാഗതം പറഞ്ഞു.