ഖുർആനിന്‍റെ മാനവിക സന്ദേശം ജീവിതത്തിന്‍റെ ഭാഗമാക്കണമെന്ന്സൗദി അറ്റാഷെ ശൈഖ് ബദർ നാസിർ അൽ അനസി

Malappuram

എടവണ്ണ: വേദഗ്രന്ഥങ്ങളുടെ മാനവിക സന്ദേശം ജീവിതത്തിലൂടെ പ്രസരിപ്പിക്കാൻ സമൂഹം തയ്യാറാവണം എന്ന് സൗദി എംബസി അറ്റാഷെ ശൈഖ് ബദർ നാസർ അൽ അനസി ആവശ്യപ്പെട്ടു. എടവണ്ണ ജാമിഅഃ നദ്‌വിയ്യ സൗദി മതകാര്യമന്ത്രാലയവുമായി സഹകരിച്ചു സംഘടിപ്പിച്ച ദേശീയ സാഹിത്യ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വേദഗ്രന്ഥങ്ങളെ അടുത്തറിയാനും മാനവിക പാഠങ്ങൾ പരസ്പരം കൈമാറാനും വിശ്വാസി സമൂഹത്തിന് സാധിക്കേണ്ടതുണ്ട്. പരസ്പരമുള്ള ആദരവും അംഗീകാരവും മാത്രമേ നല്ലൊരു സമൂഹത്തിന്റെ കെട്ടുറപ്പിന് സഹായിക്കുകയുള്ളൂ. എല്ലാ വേദഗ്രന്ഥങ്ങളും മനുഷ്യ നന്മയെ പറ്റി സംസാരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നന്മകളുടെ വാഹകരാകുവാൻ വേദഗ്രന്ഥങ്ങളുടെ അനുയായികൾ തയ്യാറാവേണ്ടതുണ്ട്. ഖുർആൻ മുഴുവൻ മനുഷ്യരോടുമാണ് സംവദിക്കുന്നത്. മനുഷ്യ സമൂഹം അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെ കൃത്യമായി അഭിസംബോധന ചെയ്യുന്ന വേദഗ്രന്ഥമാണ് ഖുർആൻ. ഖുർആനിന്റെ അനുയായികളെന്ന് അവകാശപ്പെടുന്നവർ തന്നെ ഖുർആനിന്റെ മാനവിക പാഠങ്ങൾ ജീവിതത്തിൽ പകർത്തുന്നതിൽ പിറകോട്ട് പോകുന്നത് സങ്കടകരമാണെന്നും അദ്ദേഹം പറഞ്ഞു. മതത്തിന്റെ പേരിൽ
വിദ്വേഷവും വെറുപ്പും പ്രചരിപ്പിക്കുന്നത് അപകടമാണെന്നും വിശുദ്ധ ഖുർആൻ മുന്നോട്ടുവെക്കുന്ന സഹവർത്തിത്വത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം ലോകത്തിന് കൈമാറാൻ സൗദി ഭരണകൂടം നടത്തുന്ന ശ്രമങ്ങൾ തുല്യതയില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു. യുദ്ധങ്ങളും ആഭ്യന്തര സംഘർഷങ്ങളും മാനവരാശിയുടെ സ്വാസ്ഥ്യവും സമാധാനവും കെടുത്തുമ്പോൾ വേദഗ്രന്ഥങ്ങളുടെ ശാന്തിയുടെ സന്ദേശം സ്വീകരിക്കാൻ മനുഷ്യർ മുന്നോട്ടു വരികയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു .

എറണാകുളം, കോഴിക്കോട്, കണ്ണൂർ,മംഗലാപുരം, ബാംഗ്ലൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിൽ വെച്ച് നടന്ന ഒന്നാം ഘട്ട മത്സരങ്ങളിൽ ആയിരം എം വിദ്യാർത്ഥികൾ പങ്കെടുത്തു. അതിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട വരാണ് ഗ്രാന്റ് ഫിനാലെയിൽ പങ്കെടുത്തത്.

ക്വുർആൻ മനഃപാഠം, ക്വുർആൻ ക്വിസ്, ഹദീസ് മനഃപാഠം, ഇസ്‌ലാമിക സാഹിത്യ ക്വിസ്
എന്നീ ഇനങ്ങളിലാണ് മത്സരം നടന്നത്. ഓരോ മത്സരത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് ക്യാഷ് അവാർഡും പ്രശസ്തി പത്രവും നൽകി. അന്താരാഷ്ട്ര മത്സരങ്ങളിലേക്ക് അവസരം ലഭിക്കാവുന്ന ദേശീയ മത്സരമാണ് ജാമിഅഃ യിൽ നടന്നത്. മൊത്തം അഞ്ച് ലക്ഷം രൂപ സമ്മാനതുകയായി നൽകി.

ക്വുർആൻ മനഃപാഠം (ആൺ): മുഹമ്മദ്‌ ഫർഹാൻ, അബ്ദു റഖീബ് പി. ആർ, ഫസ്സ അൻവർ, ക്വുർആൻ മനഃപാഠം (പെൺ): ഹുമൈറ മുസ്സമ്മിൽ, ഷസ ഫാത്തിമ, ഫാത്തിമ ഹുസ്ന, ഹദീസ് മനഃപാഠം (ആൺ): മുഹമ്മദ്‌ ഉസൈർ, മുആസ് അഹ്‌മദ്‌, മുഹമ്മദ്‌ സഹീർ, ഹദീസ് മനഃപാഠം (പെൺ): ബാസില പാലക്കാ പറമ്പിൽ, അഇഫ്ന അസ്റീന, ഫാത്തിമ ബിൻത് മുഹമ്മദ്‌ സലീം, ക്വുർആൻ ക്വിസ്: അഹ്‌മദ്‌ അൽ അംരി ഇ. കെ, അബ്ദുൽ ബാസിത്, അയ്ഷ റഫ പി. എം, ഇസ്‌ലാമിക സാഹിത്യ ക്വിസ്: മുഹമ്മദ്‌ ഇൻതിശാമ്, ജാബിർ മുഹമ്മദ്‌, സർജാസ്. എം എന്നിവർ വിവിധ മത്സര ഇനങ്ങളിൽ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ നേടി.

ചടങ്ങിൽ ജാമിഅഃ നദ്‌വിയ്യ നൽകുന്ന ഏറ്റവും വലിയ ബഹുമതിയായ “വിസാമുൽ ജാമിഅഃ ” സൗദി മതകാര്യ മന്ത്രി ശൈഖ് അബ്ദുൽ ലത്തീഫ് ആലു ശൈഖിന് കെ. എൻ. എം പ്രസിഡന്റ് ടി. പി അബ്ദുല്ല കോയ മദനി സമ്മാനിച്ചു. സൗദി അറ്റാഷെ മന്ത്രിക്ക് വേണ്ടി ബഹുമതി സ്വീകരിച്ചു. ജാമിഅഃ ഡയറക്ടർ ആദിൽ അത്വീഫ്, അസി അഡ്മിനിസ്ട്രേറ്റർ അബൂബക്കർ കെ. വി, പ്രോഗ്രാം കോഡിനേറ്റർ ഡോ.എ ഐ അബ്ദുൽ മജീദ് സ്വലാഹി, കുഞ്ഞിമുഹമ്മദ് അൻസാരി, നൗഫൽ മദീനി എന്നിവർ പ്രസംഗിച്ചു