കോഴിക്കോട് : എൽ.പി. സ്ക്കൂളിൽ ഉച്ചഭക്ഷണ നിരക്ക് കുട്ടി ഒന്നിന് 8 രൂപയിൽ നിന്ന് 6 രൂപയാക്കി കുറക്കാനുള്ള തീരുമാനം എത്രയും വേഗം പിൻവലിക്കണമെന്ന് കേരള ഗവ. പ്രൈമറി സ്ക്കൂൾ ഹെഡ്മാസ്റ്റേർസ് അസോസിയേഷൻ (കെ.ജി.പി. എസ് . എച്ച്.എ) കോഴിക്കോട് ജില്ലാ സമിതി ആവശ്യപ്പെട്ടു. വർഷങ്ങൾക്ക് മുമ്പ് നിശ്ചയിച്ച 8 രൂപ തന്നെ തികച്ചും അപര്യാപ്തമാണെന്നും വിലക്കയറ്റത്തിൻ്റെ സാഹചര്യത്തിൽ വിഹിതം വർധിപ്പിക്കണമെന്നും പ്രഥമാധ്യാപക സംഘടനകൾ ആവശ്യപ്പെട്ടു കൊണ്ടിരിക്കുമ്പോഴാണ് എൽ.പി. സ്കൂളുകളിൽ ഉള്ളത് കൂടി വെട്ടി കുറച്ചിരിക്കുന്നത്. ഉച്ചഭക്ഷണത്തിൻ്റെ ബാധ്യതയാൽ പ്രഥമാധ്യാപകർ നട്ടം തിരിയുമ്പോൾ പ്രതിസന്ധിയുടെ ആഴം കൂട്ടുന്ന തീരുമാനത്തിൽ നിന്ന് സർക്കാർ പിന്തിരിയണമെന്നും യു.പി. , ഹൈസ്ക്കൂൾ നിരക്ക് തന്നെ എൽ.പി. സ്കൂളുകൾക്കും നിശ്ചയിക്കണമെന്നും കെ.ജി. പി. എസ് . എച്ച്.എ ആവശ്യപ്പെട്ടു .സംസ്ഥാന സെക്രട്ടറി ആർ. ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു.
ജില്ല പ്രസിഡണ്ട് ശുക്കൂർ കോണിക്കൽ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി സാജന ആർ നായർ , കെ.സി. സാലിഹ് , പി.കെ. സുരേഷ് ബാബു , സുനിൽകുമാർ , അലി അശ്റഫ് പുളിക്കൽ , മുഹമ്മദ് അഷ്റഫ് , ഷീജ സുരേന്ദ്രൻ പ്രസംഗിച്ചു.