സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പിണറായി വിജയന് മോദിയുടെ ക്ഷണം

Kerala

തിരുവനന്തപുരം: മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പിണറായി വിജയനും ക്ഷണം. കേരളത്തില്‍ നിന്നുള്ള എംപിമാരെയും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഇവരില്‍ ആരൊക്കെ പങ്കെടുക്കും എന്ന കാര്യത്തില്‍ വ്യക്തതയില്ല. അതേസമയം, സി പി എം പോളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കുന്നതിനായി പിണറായി വിജയന്‍ ഡല്‍ഹിയിലെത്തി.

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാനത്തെ 115 ബി ജെ പി നേതാക്കള്‍ക്കും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണമുണ്ട്. ബി ജെ പിയുടെ സംസ്ഥാന ഭാരവാഹികള്‍, ജില്ലാ പ്രസിഡന്റുമാര്‍, സ്ഥാനാര്‍ത്ഥികള്‍, ലോക്‌സഭ മണ്ഡലങ്ങളുടെ ചുമതലക്കാര്‍ എന്നിവര്‍ക്കാണ് സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്.

അതേസമയം സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് കോണ്‍ഗ്രസ് നേതൃത്വത്തിന് ക്ഷണം ലഭിച്ചിരുന്നു. പങ്കെടുക്കുന്ന കാര്യത്തില്‍ ഇന്ത്യ സഖ്യ നേതാക്കളുമായി കൂടിയാലോചിച്ച ശേഷം തീരുമാനമെന്നാണ് വിവരം. ഇതുവരെ കോണ്‍ഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കിയിട്ടില്ല.