നമസ്‌കാരം നടന്നുകൊണ്ടിരിക്കെ പള്ളിയില്‍ കയറി ജയ്ശ്രീറാം വിളി, താമരശേരിയില്‍ യുവാവ് അറസ്റ്റില്‍

Kerala

കോഴിക്കോട്: നമസ്‌ക്കരിക്കുന്നതിനിടെ പള്ളിയില്‍ കയറി ജയ്ശ്രീറാം മുഴക്കി വിദ്വേഷ പരാമര്‍ശം നടത്തിയ യുവാവ് അറസ്റ്റില്‍. കോഴിക്കോട് താമരശേരി കാരാടി സ്വദേശി ആലിക്കുന്നുമ്മല്‍ അഭിജയ് ആണ് അറസ്റ്റിലായത്. തന്റെ പ്രകടനത്തിന്റെ വീഡിയോ ചിത്രീകരിച്ച ഇയാള്‍ അത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തു. താമരശേരി കാരാടി ജുമാമസ്ജിദിലാണ് നിസ്‌കാരം നടക്കുന്ന സമയത്ത് പള്ളിക്കകത്ത് കയറിയുള്ള യുവാവിന്റെ പരാക്രമം.

പള്ളിക്കുള്ളില്‍ കയറി ജയ്ശ്രീറാം വിളിക്കുമെന്ന് പറഞ്ഞാല്‍ വിളിക്കുമെന്ന വെല്ലുവിളി ഉയര്‍ത്തുന്നതാണ് ഒരു വീഡിയോ. രണ്ടാമത്തെ വീഡിയോയില്‍ ഇയാള്‍ മുസ്ലിംകളെ അസഭ്യം പറയുന്നതാണ്. പള്ളിയിലുണ്ടായിരുന്നവര്‍ നിസ്‌കാരത്തിലായതിനാല്‍ ഇയാള്‍ പള്ളിയില്‍ കയറിയത് അറിഞ്ഞിരുന്നില്ല.

വീഡിയോ പ്രചരിച്ചതിന് പിന്നാലെയാണ് പള്ളി കമ്മിറ്റി ഭാരവാഹികള്‍ വിവരം അറിഞ്ഞത്. തുടര്‍ന്ന് താമരശേരി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഘര്‍ഷം സൃഷ്ടിക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്നാണ് കരുതുന്നത്. പ്രതിയെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.