ദമാം: രാജ്യങ്ങളുടെ രാഷ്ട്രീയതാത്പര്യങ്ങൾ വിശ്വാസമാധാനത്തിന് വിഘാതമാകരുത് എന്ന് ഫോക്കസ് ഇന്റർനാഷണൽ സൗദി റീജിയൻ കൗൺസിൽ അവതരിപ്പിച്ച പ്രമേയത്തിൽ അഭിപ്രായപ്പെട്ടു. ഫലസ്തീനിലും ഉക്രൈയിനിലും മറ്റും യുദ്ധം കൊണ്ട് കെടുതി അനുഭവിക്കുന്ന ജനതയോട് ഐക്യദാർഡ്ഢ്യം പ്രഖ്യാപിക്കാനുള്ള ബാധ്യത വിശ്വസമൂഹത്തിനുണ്ട്. ഫലസ്തീൻ വിഷയത്തിൽ ദ്വിരാഷ്രട്രരൂപികരണത്തോടെയുള്ള പരിഹാരശ്രമങ്ങൾക്ക് സൗദി അറേബ്യ, ഖത്തർ, നോർവേ, തുടങ്ങിയ രാജ്യങ്ങളുടെ നേതൃത്വത്തിൽ നടന്നു വരുന്ന നയതന്ത്രശ്രമങ്ങൾ ശ്ലാഘനീയമാണ്. ദുരിതം അനുഭവിക്കുന്ന കുട്ടികളുടെയും സ്ത്രീകളുടെയും മറ്റ് സാധാരണ മനുഷ്യരുടെയും മോചനം ലാക്കാക്കി സമാധാനം പുനസ്ഥാപിക്കാൻ മധ്യസ്ഥ ശ്രമങ്ങളുമായി മുഴുവൻ ആഗോളനേതാക്കളും മുന്നോട്ടു വരണമെന്നും യോഗം അഭ്യർത്ഥിച്ചു.
പാരഗൺ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന കൗൺസിൽ യോഗത്തിൽ സൗദിയുടെ വിവിധ പ്രവിശ്യകളിൽ നിന്നായി മുപ്പതോളം പ്രതിനിധികൾ പങ്കെടുത്തു. വിവിധ സെഷനുകളിലായി ജരീർ വേങ്ങര , ഷബീർ വെള്ളാടത്ത് എന്നിവർ സദസ്സിനെ അഭിമുഖീകരിച്ച് സംസാരിച്ചു. നസീമുസബ്ബാഹ് സ്വാഗതം പറഞ്ഞ യോഗത്തിൽ റഹൂഫ് പൈനാട്ട് നന്ദി പ്രകാശിപ്പിച്ചു.