ആത്മഹത്യ ചെയ്യാന്‍ വിഷം കഴിച്ച യുവതി രക്ഷിക്കണമെന്നാവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനില്‍, ബോധരഹിതയായ യുവതിയെ പൊലീസ് ആശുപത്രിയിലാക്കി

Thiruvananthapuram

കിളിമാനൂര്‍: ആത്മഹത്യ ചെയ്യാന്‍ വിഷം കഴിച്ച യുവതി പിന്നീട് ഓടി പൊലീസ് സ്‌റ്റേഷനിലെത്തി വിവരം പറഞ്ഞു. തൊട്ടുപിന്നാലെ ബോധരഹിതയായ യുവതിയെ പൊലീസ് ആശുപത്രിയിലെത്തിച്ചു. വെള്ളറട സ്വദേശിനിയായ യുവതിയാണ് കിളിമാനൂര്‍ പൊലീസ് സ്‌റ്റേഷനിലേക്ക് വിഷം കഴിച്ച ശേഷം ഓടിക്കയറിയത്. ആത്മഹത്യക്ക് ശ്രമിച്ച് ആശുപത്രിയില്‍ കഴിയുന്ന ആണ്‍സുഹൃത്തിനെ കണ്ട് മടങ്ങുന്നതിനിടെയാണ് യുവതി വിഷം കഴിച്ചത്.

ഇരുചക്ര വാഹനത്തിലായിരുന്ന യുവതി വഴിയില്‍ എവിടെയോ വച്ച് വിഷം കഴിക്കുകയായിരുന്നു. കിളിമാനൂര്‍ പൊലീസ് സ്‌റ്റേഷന് സമീപം എത്തിയപ്പോള്‍ യുവതിക്ക് തല കറക്കം ഉണ്ടായി. ഓടി സബ് ഇന്‍സ്‌പെക്ടറുടെ റൂമിലെത്തി വിഷം കഴിച്ചകാര്യം പറയുന്നതിനിടെ ബോധം കെട്ട് വീഴുകയായിരുന്നു.

പൊലീസുകാര്‍ ഉടന്‍ യുവതിയെ കേശവപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. യുവതിയുടെ ബാഗില്‍ നിന്ന് ശീതളപാനിയത്തില്‍ കലര്‍ത്തിയ അര ലിറ്ററോളം വിഷം കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു.