തിരുവനന്തപുരം : കോട്ടൺഹിൽ യുപി സ്കൂൾ അധ്യാപിക ഡോ. മഞ്ജു ശങ്കര്‍ കെ. രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘പഠനത്തിലെ കളി വഴികൾ’ എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം പഴവങ്ങാടി ഫോര്‍ട്ട് മാനര്‍ ഹോട്ടലില്‍ നടന്നു. പ്രകാശന പരിപാടിയുടെ ഉദ്ഘാടനം വി.കെ. പ്രശാന്ത് എം.എല്‍.എ നിര്‍വഹിച്ചു. അധ്യാപകര്‍ ടൈംടേബിളില്‍ നിന്ന് കൊണ്ട് മാത്രമല്ല വിദ്യാര്‍ത്ഥികളെ പഠിപ്പിക്കേണ്ടതെന്നും വ്യത്യസ്തമായപഠനമാര്‍ഗങ്ങള്‍ വഴി ലോകവിവരങ്ങളും വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നുനല്‍കണമെന്നും എം.എല്‍.എ പറഞ്ഞു.
വിഴിഞ്ഞം തുറമുഖം എം.ഡി. ഡോ. ദിവ്യ എസ്. അയ്യര്‍ ഐ.എ.എസ് മുഖ്യാതിഥിയായി. പുസ്തകത്തിന്റെ പ്രകാശനം ഗായകന്‍ ജി. വേണുഗോപാലിന് നല്‍കി സൂര്യകൃഷ്ണമൂര്‍ത്തി നിര്‍വഹിച്ചു. എസ്.ഇ.ആർ.ടി. റിസർച്ച് ഓഫീസർ ഡോ. പി.ടി. അജീഷ് പുസ്തകം പരിചയപ്പെടുത്തി.
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. സത്യൻ എം. അധ്യക്ഷത വഹിച്ചു. രശ്മി രഘുനാഥ് പുസ്തകാസ്വാദനം നടത്തി. ഇ. എം. രാധ, കല്ലറ ഗോപൻ, ഫാദർ ബോസ് മാത്യു, ഫാദർ വിൽസൺ തട്ടാരുതുണ്ടിയിൽ, ഫാദർ നെൽസൺ വലിയവീട്ടിൽ, രാജലക്ഷ്മി, ഗിരീഷ് പുലിയൂർ, റീന വി., ഗ്രന്ഥകാരി ഡോ. മഞ്ജു ശങ്കർ കെ. എന്നിവർ സംസാരിച്ചു. കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് എഡിറ്റോറിയൽ അസിസ്റ്റന്റ് ബിന്ദു എ. സ്വാഗതവും റിസർച്ച് ഓഫീസർ വിദ്യ എസ്. നന്ദിയും പറഞ്ഞു. പഠനത്തിൽ വെല്ലുവിളി നേരിടുന്ന കുട്ടികളെ അതിൽ താൽപര്യം വർദ്ധിപ്പിക്കാൻ സമഗ്രവും ലളിതമായ രീതിയിൽ രചിച്ച ഗ്രന്ഥമാണിത്. 80 രൂപ വിലയുള്ള പുസ്തകം ഇൻസ്റ്റിറ്റ്യൂട്ട് വിൽപ്പനശാലകളിൽ ലഭിക്കും.