പ്രൈമറി പ്രഥമാധ്യാപകരുടെ ജോലിഭാരം കുറക്കാൻ അടിയന്തിര നടപടി വേണം: കെ.ജി.പി.എസ് . എച്ച്.എ

Kozhikode

കോഴിക്കോട്: സംസ്ഥാനത്തെ പ്രൈമറി പ്രധമാധ്യാപകരുടെ ജോലിഭാരം ഒരു മനുഷ്യാവകാശ പ്രശ്നമായി ഉയർന്ന് വന്ന സാഹചര്യത്തിൽ അവ ലഘൂകരിക്കുന്നത് സംബന്ധിച്ച് സർക്കാർ അടിയന്തിര തീരുമാനമെടുക്കണമെന്ന് കൊടുവള്ളിയിൽ നടന്ന കേരള ഗവ. പ്രൈമറി സ്ക്കൂൾ ഹെഡ്മാസ്റ്റേർസ് അസോസിയേഷൻ കോഴിക്കോട് ജില്ല സംഗമം ആവശ്യപ്പെട്ടു.

ഇതിനായി പ്രത്യേക സമിതി രൂപീകരിച്ച് പഠനം നടത്തി പരിഹാര നടപടികൾ രൂപപ്പെടുത്തണം . വിദ്യാലയത്തിലെ അക്കാദമിക പ്രവർത്തനങ്ങളിൽ ശ്രദ്ധയൂന്നി വിദ്യാലയ ഭരണത്തിന് നേതൃത്വം നൽകേണ്ട പ്രഥമാധ്യാപകരെ മറ്റ് നിരവധി കാര്യങ്ങളുടെ ചുമതലകളിൽ തളച്ചിടുന്നത് നീതീകരിക്കാവതല്ല. ഓഫീസ് കാര്യങ്ങൾ സമയബന്ധിതമായി നിർവഹിക്കാൻ ഹൈസ്ക്കൂളുകളിലേത് പോലെ പ്രൈമറിയിലും ക്ലാർക്കുമാരെ നിയയമിക്കണമെന്നും ഉച്ച ഭക്ഷണത്തിൻ്റെ ഭാരിച്ച ചുമതലകൾ പ്രഥമാധ്യാപകരിൽ നിന്നും എടുത്ത് മാറ്റണമെന്നും സംഗമം ആവശ്യപ്പെട്ടു. എൽ.പി സ്കൂളുകളിൽ ഉച്ചഭക്ഷണ നിരക്ക് 8 രൂപയിൽ നിന്ന് ആറ് രൂപയാക്കി വെട്ടിക്കുറച്ച നടപടി ഉടൻ പിൻവലിക്കണമെന്നും മുട്ട, പാൽ എന്നിവക്ക് വേറെ തുക അനുവദിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

സംസ്ഥാന സെക്രട്ടറി ആർ. ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡണ്ട് ശുക്കൂർ കോണിക്കൽ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി സാജന ജി നായർ , സംസ്ഥാന കമ്മറ്റി അംഗം ഷീജ സുരേന്ദ്രൻ , കെ.സി. സാലിഹ് , പി.കെ. സുരേഷ് ബാബു , മിൽഡ ലോപ്പസ് , സുനിൽ കുമാർ , ഫൈസൽ പടനിലം , എ.പി. ജാഫർ സാദിഖ് , വി. ഷാഹിന , എ.വി. ബീന , ഷീജ ഫിലിപ്പ് പ്രസംഗിച്ചു.