മുസ്‌ലിം സമുദായത്തെ കുത്തിനോവിക്കുന്നത് സി പി എം അവസാനിപ്പിക്കണം: കെ എന്‍ എം മര്‍കസുദ്ദഅവ

Kozhikode

പുളിക്കല്‍: പുരോഗമനത്തിന്റെയും ജന്‍ഡര്‍ ന്യൂട്രാലിറ്റിയുടെയും ഹിജാബിന്റെയും പേരു പറഞ്ഞ് മുസ്‌ലിം സമുദായം യാഥാസ്ഥിതികരും പിന്തിരിപ്പന്‍മാരും കാലത്തിന്റെ മാറ്റം ഉള്‍കൊള്ളാത്ത വരുമാണെന്നൊക്കെ അധിക്ഷേപിച്ച് നിരന്തരം കുത്തിനോവിക്കുന്നത് കമ്യൂണിസ്റ്റുകള്‍ അവസാനിപ്പിക്കണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅവ സംസ്ഥാന സമ്പൂര്‍ണ പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക മുഖ്യധാരയില്‍ തോളോട് തോള് ചേര്‍ന്നിരിക്കുന്ന മുസ്‌ലിം സമുദായത്തെ ക്കുറിച്ച് സി.പി.എമ്മിന്റെ ഉത്തരവാദപ്പെട്ടവര്‍ക്ക്‌പോലും ഇപ്പോഴും ശരിയായ കാഴ്ചപ്പാടി ല്ലാതെ പോകുന്നത് രാഷ്ട്രീയ ദുരന്തമാണ്. പുരോഗമന പട്ടത്തിന്റെ പേരില്‍ ആരുടെയും അനുകമ്പ മുസ്‌ലിം സമുദായത്തിനാവശ്യമില്ല. മുസ്‌ലിം സമുദായ പ്രശ്‌നങ്ങളോട് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ഉദ്യോഗ, വിദ്യാഭ്യാസ, തൊഴില്‍, ഭരണ മേഖലയില്‍ അവര്‍ക്ക് ജനസംഖ്യാനുപാതിക പ്രാതിനിധ്യം വകവെച്ചു കൊടുക്കാന്‍ തയ്യാറാവുകയാണ് വേണ്ടത്.

‘വിശ്വമാനവികതക്ക് വേദവെളിച്ചം’ എന്ന സന്ദേശവ്യമായി 2024 ജനുവരി 25, 26, 27, 28 തിയ്യതികളില്‍ കരിപ്പൂരില്‍ നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി സംഘടിപ്പിച്ച പ്രതിനിധി സമ്മേളനം രാജ്യത്ത് മുസ്ലിംകള്‍ക്ക് സമാധാനപരമായ ജീവിതം ഉറപ്പു വരുത്താന്‍ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാറിനോടാവശ്യപ്പെട്ടു.ദില്ലിയില്‍ ക്ഷേത്രോത്സവത്തിന്റെ പ്രസാദം കഴിച്ചതിന്റെ പേരില്‍ ഭിന്ന ശേഷിക്കാരനായ മുഹമ്മദ് ഇസ്‌റാര്‍ എന്ന മുസ്‌ലിം ബാലനെ തല്ലിക്കൊന്നവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ സൂപ്രീം കോടതി നേരിട്ടിടപെടണം. സംസ്ഥാനത്ത് സാമൂഹ്യ സാമ്പത്തിക സര്‍വെ നടത്തി ഉദ്യോഗ വിദ്യാഭ്യാസ തൊഴില്‍ മേഖലകളിലെ ജാതി തിരിച്ചുളള സ്ഥിതിവിവര ക്കണക്ക് ശേഖരിച്ച് നിയമനങ്ങളില്‍ അവസര സമത്വം സാധ്യമാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

മുജാഹിദ് സമ്മേളനത്തിന്റെ മുന്നോടിയായി സംസ്ഥാത്തെ രണ്ടായിരം കേന്ദ്രങ്ങളില്‍ സൗഹൃദ മുറ്റം പരിപാടി സംഘടിപ്പിക്കും. ഗൃഹ സമ്പര്‍ക്കം, പൊതു പ്രഭാഷണങ്ങള്‍, സമ്മേള സന്ദേശ യാത്ര, സെമിനാറുകള്‍ തുടങ്ങിയവ സംഘടിപ്പിക്കും.

കെ എന്‍ എം മര്‍കസുദ്ദഅവ വൈസ് പ്രസിഡന്റ് കെ അബൂബക്കര്‍ മൗലവി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. കെ ജെ യു പ്രസിഡന്റ് പ്രൊഫ. എ അബ്ദുല്‍ ഹമീദ് മദീനി, കെ ജെ യു സെക്രട്ടറി ഡോ.ജമാലുദ്ദീന്‍ ഫാറൂഖി മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. സി.എ സഈദ് ഫാറൂഖി,എം.അഹ്മദ് കുട്ടി മദനി, കെ.പി.സകരിയ്യ, എന്‍.എം ജലീല്‍ , സി.മമ്മു, ഡോ. അനസ് കടലുണ്ടി, ഫൈസല്‍ നന്‍മണ്ട, സി. അബദുലത്തീഫ്, ജസീം സാജിദ്,റഫീഖ് നല്ലളം, സി.ടി ആയിശ, അഫ് നിദ പുളിക്കല്‍, ആദില്‍ നസീഫ്, അബ്ദുലത്തീഫ് കരുമ്പിലാക്കല്‍, ഡോ. അന്‍വര്‍ സാദത്ത്, ഡോ. ഐ.പി സലാം, അബുസ് ലാം പുത്തൂര്‍, ബി.പി.എ ഗഫൂര്‍ , കെ.പി അബ്ദുറഹ്മാന്‍ സുല്ലമി ഫഹീം പുളിക്കല്‍ പ്രസംഗിച്ചു.