കോട്ടയം: ‘സിനിമാ നടി എന്ന നിലയിലോ മറ്റേതെങ്കിലും മേഖലയില്‍ ഉന്നത നിലയില്‍ എത്തിയശേഷമോ മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ ഒരു പരിപാടിയുടെ വേദിയില്‍ വരുന്ന കാലം ഒരിക്കല്‍ സ്വപ്നം കണ്ടിരുന്നു. സുന്ദരമായ ആ സ്വപ്നത്തിന്റെ സാക്ഷാത്കാരമാണിത്. അത് സര്‍വ്വകലാശാലയുടെ സുപ്രധാന ചുവടുവയ്പ്പായ അക്കാദമിക് കാര്‍ണിവലിന്റെ വേദിയിലായതില്‍ ഏറെ സന്തോഷം’. യുനോയ 2023 ഗ്ലോബല്‍ അക്കാദമിക് കാര്‍ണിവലിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷത്തിനൊപ്പം സര്‍വകലാശാലാ കാമ്പസില്‍ പഠിച്ച കാലത്തിന്റെ ഓര്‍മകളും നടി സുരഭി ലക്ഷ്മി വേദിയില്‍ പങ്കുവെച്ചു.
സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സില്‍ എം ഫില്‍ കോഴ്‌സിനുവേണ്ടിയാണ് ആദ്യം ഇവിടെ എത്തിയത്. അക്കാലത്ത് സഹപാഠിയായിരുന്ന സംവിധായകന്‍ ദിലീഷ് പോത്തന്റെ വീട്ടില്‍ താമസിച്ചായിരുന്നു പഠനം. ചലച്ചിത്ര രംഗത്തേക്ക് വഴിതുറന്ന സംവിധായകന്‍ ജയരാജ് സാറിന്റെ നാട് എന്ന നിലയ്ക്കും കോട്ടയത്തോട് പ്രത്യേക അടുപ്പമുണ്ട്. സിനിമയില്‍ ഗുരുസ്ഥാനീയനായ ലാല്‍ ജോസ് സാറിന്റെ സാന്നിധ്യവും ഈ ചടങ്ങ് എനിക്ക് പ്രിയപ്പെട്ടതാക്കുന്നു സുരഭി പറഞ്ഞു. അക്കാദമിക് കാര്‍ണിവലിനോടനുബന്ധിച്ചുള്ള ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനം സുരഭി നിര്‍വഹിച്ചു. ജനുവരി 18, 19 തിയ്യതികളില്‍ കോട്ടയം സി എം എസ് കോളജിലാണ് ചലച്ചിത്രോത്സവവും ഓപ്പണ്‍ ഫോറവും നടക്കുക.