വയനാട്ടിലെ സ്‌കൂളില്‍ ആര്‍ ജി സി ബി വികസിപ്പിച്ച സയന്‍സ് മ്യൂസിയം: ഇന്ത്യയിലെ 75 മ്യൂസിയങ്ങളില്‍ ഒന്ന് മേപ്പാടി ജി എച്ച് എസ് എസില്‍

Wayanad

കല്പറ്റ: രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ നേതൃത്വത്തില്‍ വയനാട് ജില്ലയിലെ മേപ്പാടി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വികസിപ്പിച്ച സംസ്ഥാനത്തെ ആദ്യ ജൈവ സാങ്കേതിക വിദ്യാധിഷ്ഠിത ശാസ്ത്ര മ്യൂസിയം ജനുവരി 18ന് സമര്‍പ്പിക്കും. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി രാജ്യത്തുടനീളം വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രീയ മനോഭാവം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സ്ഥാപിക്കുന്ന 75 സയന്‍സ് മ്യൂസിയങ്ങളില്‍ ഒന്നാണിത്.

സ്‌കൂളില്‍ രാവിലെ 9.30 നു നടക്കുന്ന ചടങ്ങില്‍ ആര്‍ ജി സി ബി ഡയറക്ടര്‍ പ്രൊഫ. ചന്ദ്രഭാസ് നാരായണ സ്‌കൂള്‍ അധികൃതര്‍ക്ക് മ്യൂസിയം കൈമാറും. ചടങ്ങിനോടനുബന്ധിച്ച് വിദ്യാര്‍ഥികള്‍ക്കായി ശാസ്ത്ര ശില്‍പശാലയും നടക്കും. പ്രൊഫ. ചന്ദ്രഭാസ് നാരായണയുടെ മാര്‍ഗനിര്‍ദേശപ്രകാരം വികസിപ്പിച്ച മ്യൂസിയത്തിലൂടെ രാജ്യത്തെ ശാസ്ത്രഗവേഷണ ചരിത്രം, പുതിയ ശാസ്ത്രകണ്ടെത്തലുകള്‍, ഭാവിയിലെ ഗവേഷണ സാഹചര്യം എന്നിവ വിദ്യാര്‍ത്ഥികളിലും സാധാരണക്കാരിലുമെത്തിക്കാനാകും. ശാസ്ത്രസാങ്കേതിക ഗവേഷണ മേഖലയിലേക്ക് വിദ്യാര്‍ത്ഥികള്‍ക്ക് കടന്നു വരാനും ഇത് പ്രചോദനമാകും.

പശ്ചിമഘട്ടത്തിലെ പ്രധാന ജൈവ വൈവിധ്യ മേഖലകളില്‍ ഒന്നാണ് വയനാടെന്ന് പ്രൊഫ. ചന്ദ്രഭാസ് നാരായണ പറഞ്ഞു. വംശീയ സംസ്‌കാരവും അമൂല്യമായ പരമ്പരാഗത അറിവുമുള്ള ഗോത്രവര്‍ഗ സമൂഹങ്ങള്‍ ധാരാളമുള്ള പ്രധാന പ്രദേശം കൂടിയാണിത്. അതുകൊണ്ടാണ് കേരളത്തില്‍ വയനാടിനെ പദ്ധതിയ്ക്കായി തിരഞ്ഞടുത്തതെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ത്ഥികളിലും സാധാരണക്കാരിലും ശാസ്ത്രീയ മനോഭാവം വളര്‍ത്തിയെടുക്കുക, ജൈവസാങ്കേതിക വിദ്യയെക്കുറിച്ചുള്ള പൊതു അവബോധം സൃഷ്ടിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ ആര്‍ജിസിബിയും കേന്ദ്ര ജൈവസാങ്കേതിക വകുപ്പും സംയുക്തമായാണ് പദ്ധതി വിഭാവനം ചെയ്ത് നടപ്പിലാക്കിയിരിക്കുന്നത്.

ജൈവസാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ള ഒരു ലബോറട്ടറി അന്തരീക്ഷമാണ് ശാസ്ത്ര മ്യൂസിയത്തിനുള്ളത്. ഗവേഷണങ്ങള്‍ക്ക് ഉപയോഗിക്കുന്ന അത്യന്താധുനിക ഉപകരണങ്ങള്‍, അവയുടെ പ്രവര്‍ത്തനം വിശദീകരിക്കുന്ന വീഡിയോകള്‍, അനുബന്ധ വിവരങ്ങള്‍, ഈ മേഖലയില്‍ മികച്ച സംഭാവനകള്‍ ചെയ്ത വ്യക്തികളുടെ വിവരങ്ങള്‍, ഗവേഷണ ലബോറട്ടറികളുടെ പ്രവര്‍ത്തനം എന്നിവ നേരിട്ട് കാണുന്നതിനുള്ള അവസരവും മ്യൂസിയത്തില്‍ ഒരുക്കിയിട്ടുണ്ട്.

വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പ്രാദേശിക സമൂഹത്തിനും വേണ്ടിയുള്ള പ്രഭാഷണങ്ങള്‍, സെമിനാറുകള്‍, ശാസ്ത്ര ക്യാമ്പുകള്‍, ഔട്ട്‌റീച്ച് പ്രോഗ്രാമുകള്‍ എന്നിവയും മ്യൂസിയത്തിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിക്കും. പോസ്റ്റര്‍ പ്രദര്‍ശനം, ഗവേഷണ കണ്ടെത്തലുകളുടെ ഗ്രാഫിക്കല്‍ വിവരങ്ങള്‍, ആഗോള ഗവേഷണ സാഹചര്യം, സസ്യ ടിഷ്യുകള്‍ച്ചര്‍, ജിഎം വിളകള്‍ എന്നിവയെക്കുറിച്ചുള്ള അറിവ് പങ്കുവെയ്ക്കല്‍ തുടങ്ങിയവ മ്യൂസിയത്തിന്റെ പ്രത്യേകതകളാണ്. അദ്ധ്യാപകവിദ്യാര്‍ത്ഥി സമൂഹത്തിന് ഗവേഷക മേഖലയെക്കുറിച്ചുള്ള അവബോധം ജനിപ്പിക്കാനും അവരില്‍ ശാസ്ത്ര ഗവേഷണ അഭിരുചി വളര്‍ത്താനും ശാസ്ത്ര മ്യൂസിയം സഹായകമാകും.

Leave a Reply

Your email address will not be published. Required fields are marked *