മറ്റുള്ളവരെ കുറിച്ചുള്ള കരുതലാണ് സംസ്കാരം: ഡോ. കെ ജി പൗലോസ്

Eranakulam

ആലുവ: മറ്റുള്ളവരെ കുറിച്ചുള്ള കരുതലാണ് സംസ്കാരമെന്ന്
കേരള കലാമണ്ഡലം കൽപിത സർവകലാശാല വൈസ് ചാൻസലർ ആയിരുന്ന ഭാഷ സമ്മാൻ പുരസ്കാര ജേതാവ് ഡോ. കെ ജി പൗലോസ് പറഞ്ഞു. സംസ്കാരത്തെ പരിപോഷിപ്പിക്കുന്ന ഉപാധിയാണ് കല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊണ്ടോട്ടി മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകല അക്കാദമി, എടത്തല അൽ അമീൻ കോളേജ്, എടത്തല പഞ്ചായത്ത് ലൈബ്രറി നേതൃസമിതി എന്നിവ ചേർന്ന് സംഘടിപ്പിക്കുന്ന പഞ്ചദിന മാപ്പിളകല സംസ്ഥാന പരിശീലന ക്യാമ്പ് എടത്തല അൽ അമീൻ കോളേജിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അൽ അമീൻ കോളേജ് മാനേജർ ഡോ. എം ഐ ജുനൈദ് റഹ്മാൻ അധ്യക്ഷനായി. മാപ്പിളകല അക്കാദമി സെക്രട്ടറി ബഷീര്‍ ചുങ്കത്തറ മുഖ്യപ്രഭാഷണം നടത്തി. വൈസ് ചെയര്‍മാന്‍ പുലിക്കോട്ടില്‍ ഹൈദരാലി, അൽ അമീൻ കോളേജ് പ്രിൻസിപ്പാൾ ഡോ. സിനി കുര്യൻ, ലൈബ്രറി കൗണ്‍സില്‍ ജില്ല സെക്രട്ടറി എം ആര്‍ സുരേന്ദ്രന്‍, അധ്യാപകനായ എ പി അബ്ദുൾ സലാം, ഗാനരചയിതാവ് ബാപ്പു വാവാട്, അക്കാദമി ജോയിൻ്റ് സെക്രട്ടറി ഫൈസൽ എളേറ്റിൽ, സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം പി തമ്പാൻ, റഹീന കൊളത്തറ, എസ് എ എം കമാൽ, കെ എ രാജേഷ് എന്നിവർ സംസാരിച്ചു. അഞ്ച് ദിവസങ്ങളിലായി മാപ്പിളപ്പാട്ട്, ഒപ്പന, കോല്‍ക്കളി, ദഫ് മുട്ട് എന്നീ മാപ്പിളകലകളിലാണ് പരിശീലനം നല്‍കുന്നത്.

സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 70 പേരാണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്. 15ന് പകൽ 2ന് ക്യാമ്പ് അംഗങ്ങൾ കോളേജ് ഓഡിറ്റോറിയത്തില്‍ മാപ്പിളകലകളുടെ അവതരണം നടത്തും. 16ന് വൈകിട്ട് 5ന് സമാപിക്കും. ആദ്യമായാണ് അക്കാദമി മധ്യകേരളത്തിൽ മപ്പിളകല പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.