തിരുവനന്തപുരം; തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ ആമയിഴഞ്ചൻ തോട്ടിൽ കാണാതായ തൊഴിലാളിയ്ക്കായുള്ള തെരച്ചിൽ രാത്രിയിലും രക്ഷാപ്രവർത്തകർ നടത്തുകയാണ്.
സ്കൂബ സംഘത്തിന് ടണലിനുള്ളിലേക്ക് കടക്കാൻ കഴിയാത്തതാണ് രക്ഷാ പ്രവർത്ത നത്തിന് വെല്ലുവിളിയാവുന്നത്. ടണലിൽ 30 മീറ്റർ അകത്തേക്കു പോയെന്നും ടണലിൽ മൊത്തം ഇരുട്ടാണെന്നും ആമയിഴഞ്ചൻ തോട്ടിൽ കാണാതായ തൊഴിലാളിയ്ക്കായി തെരച്ചിൽ നടത്തുന്ന സ്‌കൂബസംഘം പറഞ്ഞു.
ടണലിനുള്ളിൽ മുട്ടുകുത്തി നിൽക്കാൻ പോലും കഴിയുന്നില്ലെന്നും സംഘം പറയുന്നു. റെയിൽവേ സ്റ്റേഷന് അടിഭാഗത്തേക്ക് തോട് വൃത്തിയാക്കാനിറങ്ങിയയാളെ രാവിലെ 11.30 ഓടെയാണ് കാണാതായത്.
മറുവശത്തെ ടണലിലെ പരിശോധനയും വിഫലമായി. 15 മീറ്റർ മാത്രമാണ് അകത്തേക്ക് കയറാനായത്. മുഴുവൻ ചെളി മൂടി കിടക്കുകയാണ്. മറുവശത്ത് ഇനി തെരച്ചിൽ നടത്തേണ്ട കാര്യമില്ലെന്നും സ്കൂബ സംഘം പറഞ്ഞു. അപകടം നടന്ന ഭാഗത്തെ ടണലിൽ കൂടുതൽ പരിശോധന നടത്തും. അവിടെ 30 മീറ്റർ വരെ സ്കൂബ ഡൈവേഴ്‌സ് പോയിരുന്നു. രാത്രിയിലെ പരിശോധന സാഹചര്യം അനുസരിച്ചായിരിക്കുമെന്നും സംഘം കൂട്ടിച്ചേർത്തു.
തിരുവനന്തപുരം കോർപ്പറേഷന്റെ താൽക്കാലിക ജീവനക്കാരനായ നെയ്യാറ്റിൻകര മാരായമുട്ടം സ്വദേശിയായ ജോയ് (42) എന്നയാളെയാണ് രാവിലെ കാണാതായത്. തൊഴിലാളി തോട്ടിലെ ഒഴുക്കിൽ പെട്ടെന്നാണ് സംശയം ഉയരുന്നത്. രണ്ട് ബംഗാൾ സ്വദേശിയും രണ്ട് മലയാളിയും ആണ് ജോലി ചെയ്തിരുന്നത്