മലമ്പനി, പ്രതിരോധമാണ് മുഖ്യം

Health

ഡോ. ദിപിന്‍കുമാര്‍ പി യു, കൺസൽട്ടൻ്റ് – ജനറൽ മെഡിസിൻ, ആസ്റ്റർ മിംസ്, കോഴിക്കോട്

മനുഷ്യരിലും മൃഗങ്ങളിലും അനോഫിലിസ് ജെനുസ്സിൽ പെടുന്ന ചില ഇനം പെൺകൊതുകുകൾ പരത്തുന്ന ഒരു സാംക്രമിക രോഗമാണ് മലമ്പനി അഥവാ മലേറിയ(Malaria). സാധാരണഗതിയിൽ രോഗബാധയുണ്ടായി 8–25 ദിവസങ്ങൾക്കു ശേഷമാണ് രോഗ ലക്ഷണങ്ങൾ കണ്ടു തുടങ്ങുന്നത്. തലവേദന, പനി, വിറയൽ, സന്ധിവേദന, ഛർദ്ദി, പോലുള്ള ലക്ഷണങ്ങളാണ് ആദ്യം കാണപ്പെടുന്നത്. വയറിളക്കം, ഹീമോലിറ്റിക് അനീമിയ, മഞ്ഞപ്പിത്തം, ഹീമോഗ്ലോബിന്യൂറിയ, റെറ്റിനയ്ക്ക് തകരാറുസംഭവിക്കുക, ഓർമ്മക്കുറവ് എന്നീ രോഗലക്ഷണങ്ങളും ചില രോഗികളിൽ കാണപ്പെടാറുണ്ട്. ഒട്ടുമിക്ക ആളുകളും പനിമൂലമായിരിക്കും ചികിത്സയ്ക്ക് എത്തുന്നത്. മലമ്പനിബാധ കണ്ടുപിടിക്കാനായി പനി ബാധിച്ചവരുടെ രക്ത-സ്മീയർ പരിശോധന
നടത്തുന്നതിലൂടെ രോഗം സ്‌ഥിരീകരിക്കാം.

പനി ബാധിച്ചാൽ സ്വയം ചികിത്സ നടത്താതെ ഉടൻ തന്നെ ഡോക്ടറെ കാണുകയും രക്ത പരിശോധന നടത്തി ചികിത്സ തേടാനും ഒരിക്കലും മടിക്കരുത്. മുൻകൂട്ടീ രോഗം കണ്ടുപിടിച്ചു ചികിത്സിച്ചാൽ പൂർണമായും ഭേദമാക്കാൻ കഴിയും.

കൊതുകുകൾ വളരാൻ കാരണമാകുന്ന എല്ലാ സ്രോതസ്സുകളും നശിപ്പിക്കുക എന്നതാണ് പ്രതിരോധ മാർഗത്തിലെ ആദ്യ പടി.മലിനജലം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുകയും ശുദ്ധ ജലം കെട്ടി നിൽക്കുന്ന ഇടങ്ങളിൽ ‘ടെമിഫോസ്’ കീടനാശിനി തളിച്ചും , ജൈവ നിയന്ത്രണ ഭാഗമായി കിണറുകളിൽ ഗപ്പി ,(Gambusia affinis )മത്സ്യങ്ങളെ നിക്ഷേപിച്ചും കൊതുകുകളെ നിയന്ത്രിക്കാം.

രോഗത്തെ കുറിച്ചും പ്രതിരോധ മാർഗങ്ങളെ കുറിച്ചും ജനങ്ങൾക്ക്‌ അവബോധം നൽകുന്ന ബോധവത്കരണവും വളരെ പ്രാധാന്യമർഹിക്കുന്നു .

തയ്യാറാക്കിയത്.