പ്ലസ് ടു സീറ്റ് അവഗണന: മലബാർ കേരളത്തിലല്ലേയെന്ന് ഡോ. ഹുസൈൻ മടവൂർ

Kozhikode

കോഴിക്കോട് : തെക്കൻ കേരളത്തിൽ പ്ലസ് ടൂ ബാച്ചുകളിൽ ആവശ്യത്തിന് കുട്ടികളെ കിട്ടാതെ അടച്ച് പൂട്ടാനാലോചിക്കുമ്പോൾ മലബാറിൽ ഫുൾ എ പ്ലസ് കിട്ടിയ ആയിരക്കണക്കിന്ന് വിദ്യാർത്ഥികൾക്ക് തുടർ പഠനം നിഷേധിക്കപ്പെടുന്ന സാഹചര്യമാണെന്നും എന്താ മലബാർ കേരളത്തിലല്ലേ എന്നും ഡോ.ഹുസൈൻ മടവൂർ ചോദിച്ചു.

കോഴിക്കോട് ജില്ലയിൽ പ്ലസ് ടൂ അധിക ബാച്ചുകൾ വേണമെന്നാവശ്യപ്പെട്ട് കൊണ്ട് ഡോ. എം. കെ മുനീർ എം. എൽ എ ആരംഭിച്ച അനിശ്ചിതകാല സത്യഗ്രഹത്തിന് ഐക്യദാർഡ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇത് കക്ഷി രാഷ്ട്രീയത്തിന്നതീയമായ നാടിൻ്റെ ഒരാവശ്യമാണ്. ഇതിൽ ഭരണ പ്രതിപക്ഷ ഭേദമൊന്നുമില്ല.

വിദ്യാർത്ഥികൾക്ക് പഠിക്കുവാനുള്ള അവകാശം നിഷേധിക്കുന്നത് വരും തലമുറയുടെ ഭാവി തകർക്കുമെന്നും അതിനാൽ കോഴിക്കോട് ജില്ലയിലേയും മലബാറിലെയും ജനങ്ങൾ ഇക്കാര്യത്തിൽ ഒന്നിച്ച് നിന്ന് പോരാടണമെന്നും ഡോ. മടവൂർ ആവശ്യപ്പെട്ടു. നേരത്തെ പി.എം എ സലാം സത്യഗ്രഹം ഉദ്ഘാടനം ചെയ്തു. എ.കെ.രാഘവൻ എം.പി, കെ മുരളീധരൻ, അഡ്വ. പി.എം നിയാസ് തുടങ്ങിയവർ പ്രസംഗിച്ചു.