ബ്ലോക്ക്ബസ്റ്റർ ചിത്രമായ മാളികപ്പുറത്തിനു ശേഷം അതെ ടീമിൽ നിന്ന് ഒരുങ്ങുന്ന സുമതി വളവിന്റെ ടൈറ്റിൽ റിലീസ് ഇവന്റ് തന്നെ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച് വൻ വിജയമാക്കിത്തീർത്തിരുന്നു. ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റാണിപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രശംസയും നിരൂപക പ്രശംസയും നേടിയ സൂപ്പർ ഹിറ്റ് ചിത്രം രാക്ഷസന്റെ ക്യാമറാമാൻ പി. വി.ശങ്കർ ആണ് സുമതി വളവിന്റെ ഡി ഓ പി ആയി ജോയിൻ ചെയ്യുന്നത്. തമിഴിലെ ഹിറ്റ് സിനിമകളുടെ കൂടെ ക്യാമറാ വിഭാഗം കൈകാര്യം ചെയ്ത ശങ്കർ സുമതി വളവിലേക്കുള്ള യാത്രയെക്കുറിച്ച് പറഞ്ഞത് ഇപ്രകാരമാണ് “ഏറെക്കാലത്തെ ആഗ്രഹമായിരുന്നു മലയാളത്തിൽ നല്ല ഒരു സിനിമ ചെയ്യണം എന്നുള്ളത്. അഭിലാഷും വിഷ്ണുവും മുരളി സാറും സുമതി വളവിന്റെ കഥയും അനുബന്ധ കാര്യങ്ങളും പറഞ്ഞപ്പോൾ പറഞ്ഞപ്പോൾ ആ വിസ്മയ രംഗങ്ങൾ പകർത്താൻ ഞാൻ തയ്യാറിക്കഴിഞ്ഞിരുന്നു. പ്രേക്ഷകർക്കിഷ്ടപ്പെട്ട ടീമിനൊപ്പം ഒരു നല്ല സിനിമ സമ്മാനിക്കാൻ ആകുമെന്ന വിശ്വാസത്തോടെ ഞാനും സുമതി വളവിന്റെ ഭാഗമാകുകയാണ്”.
തൊണ്ണൂറുകളുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രം ഹൊറർ കോമഡി ഗണത്തിലാണ് അണിയറയിൽ ഒരുങ്ങുന്നത്. വലിയ താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ ലൊക്കേഷനുകൾ പാലക്കാട്, മൂന്നാർ, കുമളി, കമ്പം, തേനി, വട്ടവട തുടങ്ങിയവയാണ്.ആഗസ്റ്റ് 17 (ചിങ്ങം ഒന്നാം തീയതി) സുമതി വളവിന്റെ പൂജയും ആഗസ്റ്റ് ഇരുപതാം തീയതി ചിത്രീകരണവും ആരംഭിക്കും.
വാട്ടർമാൻ ഫിലിംസിന്റെ ബാനറിൽ ശ്രീ മുരളി കുന്നുംപുറത്ത് നിർമ്മിക്കുന്ന സുമതി വളവിൽ അർജുൻ അശോകൻ, മാളവിക മനോജ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്നു. മാളികപ്പുറം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ സംവിധായകൻ വിഷ്ണു ശശിശങ്കർ, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള, സംഗീത സംവിധായകൻ രഞ്ജിൻരാജ് എന്നിവർ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ശ്യാം മോഹൻ, സജിൻ ഗോപു, ലാൽ, സൈജു കുറുപ്പ്, ജയകൃഷ്ണൻ, ദേവനന്ദ, ശ്രീപത്, നിരഞജ് മണിയൻപിള്ള രാജു, ഗോപിക, ജീൻ പോൾ എന്നിവരോടൊപ്പം മറ്റനേകം പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.സുമതി വളവിന്റെ ഓൾ ഇന്ത്യ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന്റെ വിതരണാവകാശ പാർട്ട്നറായ ഡ്രീം ബിഗ് ഫിലിംസ് സ്വന്തമാക്കിയിരുന്നു. സുമതി വളവിന്റെ എഡിറ്റർ ഷെഫീക് മുഹമ്മദ് അലി ആണ്. സൗണ്ട് ഡിസൈനർ :എം ആർ രാജാകൃഷ്ണൻ, ആർട്ട് :അജയ് മാങ്ങാട്, കോസ്റ്റ്യൂം :സുജിത് മട്ടന്നൂർ, മേക്കപ്പ് :ജിത്തു പയ്യന്നൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബിനു. ജി. നായർ, സ്റ്റിൽസ് : രാഹുൽ തങ്കച്ചൻ, ടൈറ്റിൽ ഡിസൈൻ : ശരത് വിനു, പി ആർ ഓ : പ്രതീഷ് ശേഖർ.