കൊല്ലം : എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വ്വകലാശാലക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന സെന്‍റര്‍ ഫോര്‍ എന്‍ജിനീയറിങ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്‍റിന്‍റെ നേതൃത്വത്തില്‍ എന്‍ജിനീയറിങ് കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ മികച്ച പ്രോജക്ടുകള്‍ക്ക് നല്‍കുന്ന ഫിനാന്‍ഷ്യല്‍ അസിസ്റ്റന്‍സ് സ്കീമിന് പാരിപ്പള്ളി യു കെ എഫ് എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ വികസിപ്പിച്ച പ്രൊജക്റ്റുകള്‍ അര്‍ഹത നേടി. സാങ്കേതിക സര്‍വ്വകലാശാല കേരളത്തിലെ വിവിധ എഞ്ചിനീയറിങ് കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് കോഴ്സിന്‍റെ ഭാഗമായി വികസിപ്പിച്ച വിവിധ പ്രോജക്റ്റുകളില്‍ നിന്നും മികച്ച പ്രപ്പോസലുകള്‍ക്കുള്ള ഫിനാന്‍ഷ്യല്‍ അസിസ്റ്റന്‍സ് സ്കീമിനാണ് യുകെഎഫിലെ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ വിഭാഗത്തിലെയും മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലെയും അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ വികസിപ്പിച്ച സ്പീച്ച് എനേബിള്‍ഡ് റൈറ്റിംഗ് മെഷീന്‍, ക്ലീന്‍സിങ് റോവര്‍ പ്രൊജക്റ്റുകള്‍ അര്‍ഹത നേടിയത്. സാമൂഹ്യ പ്രസക്തിയുള്ള പ്രൊജക്റ്റുകള്‍ക്കും വിദ്യാര്‍ത്ഥികളുടെ ടെക്നോളജി വൈധഗ്ദ്യം പരിപോഷിപ്പിക്കുന്ന മികച്ച ഐഡിയകള്‍ക്കും നല്‍കുന്ന കെ ടി യു ഫിനാന്‍ഷ്യല്‍ അസിസ്റ്റന്‍സ് സ്കീമിന്‍റെ ഭാഗമായിട്ടാണ് യു കെ എഫ് വിദ്യാര്‍ത്ഥികള്‍ ഈ നേട്ടം കരസ്ഥമാക്കിയത്.
സ്പീച്ച് എനേബിള്‍ഡ് റൈറ്റിംഗ് മെഷീന്‍ എന്നത് പറയുന്നത് എഴുതി നല്‍കുന്ന രൂപത്തിലാണ് വികസിപ്പിച്ചിട്ടുള്ളത്. കൂടുതലും വിദ്യാര്‍ഥികള്‍ക്ക് സഹായകമാകും വിധത്തിലുള്ള പ്രോഗ്രാമിംഗ് ആണ് മെഷീന്‍റെ പ്രവര്‍ത്തനത്തിനുള്ളത്. ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന, കാഴ്ച പരിമിതരായ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയെഴുതുവാന്‍ ഉതകുന്ന സ്ക്രൈബിങ്ങിനും, വിദ്യാര്‍ഥികളുടെ അസൈന്‍മെന്‍റ് സെമിനാര്‍ എന്നിവ എഴുതി നല്‍കുന്നതിനും വികസിപ്പിച്ചിട്ടുള്ള മെഷീന്‍റെ പ്രവര്‍ത്തനം പൂര്‍ണ്ണമായും പൈത്തണ്‍ പ്രോഗ്രാമിന്‍റെ അടിസ്ഥാനത്തിലാണ്. മെഷീനില്‍ ഘടിപ്പിച്ചിട്ടുള്ള മൈക്ക് വഴിയും, കീബോര്‍ഡ് വഴിയും, മുന്‍കൂട്ടി റെക്കോര്‍ഡ് ചെയ്ത വോയിസ് നോട്ടുകളായും നല്‍കുന്ന ഇന്‍പുട്ടുകളെ ടെക്സ്റ്റ് ഫോര്‍മാറ്റ് ഔട്ട്പുട്ടുകള്‍ ആക്കി
മാറ്റുന്ന പ്രോഗ്രാമിംഗ് സംവിധാനമാണ് മെഷീനില്‍ ഉള്ളത്. ഡിപ്പാര്‍ട്ട്മെന്‍റ് മേധാവി ഡോ ആര്‍ നീതുരാജ്, പ്രോജക്ട് കോഡിനേറ്റര്‍ പ്രൊഫ. രേഷ്മ മോഹന്‍, പ്രൊജക്റ്റ് ഗൈഡ് പ്രൊഫ. ലക്ഷ്മി പി. ഗോവിന്ദ് എന്നിവരുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളായ എസ്. നിജിന്‍, നിഖില്‍ എസ്. പ്രസാദ്, ആര്‍. എ. രാഹുല്‍ കൃഷ്ണന്‍, എസ്. തേജസ് എന്നിവര്‍ അടങ്ങിയ സംഘമാണ് മെഷീന്‍ വികസിപ്പിച്ചത്.
മനുഷ്യന്‍റെ സഹായമില്ലാതെ തന്നെ വെള്ളക്കെട്ടുകളിലെയും ചെറിയ ജലാശയങ്ങളിലെയും അടിഞ്ഞു കൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനും ജലാശയങ്ങള്‍ക്ക് ഭീഷണിയാകുന്ന ജല സസ്യങ്ങള്‍ ഒഴിവാക്കുന്നതിനും വേണ്ടി വികസിപ്പിച്ച ഉപകരണമാണ് ക്ലീന്‍സിംഗ് റോവര്‍. കൂടാതെ ജലാശയങ്ങളിലെ ജലത്തിന്‍റെ പിഎച്ച് വാല്യു മനസ്സിലാക്കി വാട്ടര്‍ ട്രീറ്റ്മെന്‍റ് ചെയ്യുന്നതിനും സഹായിക്കുന്ന ഉപകരണം പൂര്‍ണ്ണമായും പ്രവര്‍ത്തിക്കുന്നത് റിമോട്ട് കണ്‍ട്രോള്‍ സംവിധാനം വഴിയാണ്. മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗം മേധാവി ഡോ. എന്‍. കെ. മുഹമ്മദ് സാജിദ്, പ്രോജക്ട് ഗൈഡ് പ്രൊഫ. റ്റി. രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളായ ആദര്‍ശ് കൃഷ്ണ, അഖില്‍ജിത്ത് വി. കുമാര്‍, എസ്. എസ്. അമര്‍നാഥ്, വൈ. ബി. അമര്‍നാഥ് എന്നിവര്‍ അടങ്ങിയ സംഘമാണ് ഈ പ്രോജക്ടിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ചത്. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. പി. ശാലിജ്, ടാറ്റാ എലക്സി സെന്‍റര്‍ ഹെഡും ജി ടെക് സെക്രട്ടറിയുമായ വി. ശ്രീകുമാര്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍ പ്രൊഫ ജിബി വര്‍ഗീസ്, പ്രിന്‍സിപ്പാള്‍ ഡോ. ഇ. ഗോപാലകൃഷ്ണ ശര്‍മ്മ, വൈസ് പ്രിന്‍സിപ്പാള്‍ ഡോ വി എന്‍ അനീഷ്, ഡീന്‍ അക്കാഡമിക് ഡോ. ജയരാജു മാധവന്‍, ഡീന്‍ സ്റ്റുഡന്‍റ് അഫയേഴ്സ് ഡോ. രശ്മി കൃഷ്ണപ്രസാദ്, പോളിടെക്നിക് വൈസ് പ്രിന്‍സിപ്പാള്‍ പ്രൊഫ. ജിതിന്‍ ജേക്കബ്, പിടിഎ പാട്രണ്‍ എ. സുന്ദരേശന്‍ എന്നിവരുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ വികസിപ്പിച്ച പ്രൊജക്ടുകള്‍ സന്ദര്‍ശിക്കുകയും അംഗീകാരം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുകയും ചെയ്തു.