കൊല്ലം: കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡും പാരിപ്പള്ളി യു കെ എഫ് എന്‍ജിനീയറിങ് കോളേജിലെ സിവില്‍ എന്‍ജിനീയറിങ് വിഭാഗവും സംയുക്തമായി മലിനീകരണ സ്രോതസ്സുകളുടെ സര്‍വ്വേയും മുന്നോടിയായുള്ള പരിശീലനവും സംഘടിപ്പിച്ചു. അഷ്ടമുടിക്കായല്‍ സംരക്ഷണത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച പരിശീലന പരിപാടിയില്‍ കോളേജിലെ സിവില്‍ എഞ്ചിനീയറിങ് വിഭാഗത്തിലെ ഡിപ്ലോമ, ബിടെക്, എംടെക്, വിദ്യാര്‍ത്ഥികളും കോളേജ് എന്‍എസ്എസ് യൂണിറ്റ് വിദ്യാര്‍ത്ഥികളും പങ്കെടുത്തു.
ലോക തണ്ണീര്‍ത്തട ദിനത്തിന്‍റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. തണ്ണീര്‍ത്തടങ്ങളെ കുറിച്ച് അവബോധം വളര്‍ത്തുന്ന ക്ലാസുകളും, മനുഷ്യ ജീവിതവും തണ്ണീര്‍ത്തടങ്ങളും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതിനെ ആസ്പദമാക്കിയുള്ള വ്യത്യസ്ത സെഷനുകളും പരിശീലനത്തിന്‍റെ ഭാഗമായി നടന്നു. കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍വയോണ്‍മെന്‍റല്‍ എന്‍ജിനീയര്‍ റെയ്ച്ചല്‍ തോമസ്, അസിസ്റ്റന്‍റ് എന്‍ജിനീയര്‍ ശരണ്യ മോഹന്‍, ജി ഐ എസ് സ്പെഷ്യലിസ്റ്റ് സായൂജ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. വിദ്യാര്‍ത്ഥി പ്രതിനിധികളായ ജെ ജിതാദാസ്, ലക്ഷ്മി സത്യന്‍, ലാവണ്യ, എന്‍. സല്‍മ, എന്നിവര്‍ സംസാരിച്ചു. യു കെ എഫ് സിവില്‍ വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. പി. ജി. റെജി യുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ അഷ്ടമുടി കായലിന്‍റെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ മണിച്ചിതോട്, കൊല്ലം തോട് പരിസര പ്രദേശങ്ങളിലായി മലിനീകരണ സ്രോതസ്സുകളുടെ സര്‍വ്വേയും അനുബന്ധമായി നടന്നു.