അഞ്ചാമത് കാസബ്ളാങ്കാ ഇൻഡിപെൻഡൻറ്റ് ഫിലിം ഫെസ്റ്റിവൽ; വിജയികളെ പ്രഖ്യാപിച്ചു

Cinema

കാസബ്ളാങ്കാ ഇൻഡിപെൻഡൻറ്റ് ഫിലിം ഫെസ്റ്റിവലിന്റെ അഞ്ചാം സീസണിലെ വിജയികളെ പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള സ്വതന്ത്ര ചലച്ചിത്ര പ്രവർത്തകർക്കായി കാസബ്ലാങ്ക ഫിലിം ഫാക്ടറി നടത്തുന്ന ഐ. എം. ഡി. ബി. യോഗ്യത നേടിയ സീസണൽ ഫിലിം ഫെസ്റ്റിവലാണിത്. കാസബ്ലാങ്ക ഫിലിം ഫാക്ടറിയുടെ സ്ഥാപകനും, സംവിധായകനും നിർമ്മാതാവുമായ നിർമൽ ബേബി വർഗീസാണ് ഈ ചലച്ചിത്ര മേളയുടെ ഡയറക്ടർ.

റോബിൻ ഡി ലെവിറ്റ സംവിധാനം ചെയ്ത് കാട്രിയോണ റുബേനിസ്-സ്റ്റീവൻസ്, എവ്‌ജെനിയ റാഡിലോവ, സ്റ്റീവൻ കീൻ, ജെഫ്രി സ്മിത്ത് ജോർജ്ജ്, മൈക്കൽ ടോസ്‌നർ എന്നിവർ ചേർന്ന് നിർമ്മിച്ച ‘ലോസ്റ്റ് കോസ്’എന്ന അമേരിക്കൻ ചിത്രമാണ് മികച്ച ഫീച്ചർ ഫിലിമായി തിരഞ്ഞെടുത്തത്. കൂടാതെ മികച്ച സംവിധായകൻ, മികച്ച നിർമ്മാതാവ്, മികച്ച ഛായാഗ്രാഹകൻ (മൈക്കൽ ടോസ്‌നർ), മികച്ച എഡിറ്റർ (ടെയ്‌ലർ ബ്രാഷ്), മികച്ച ഒറിജിനൽ സ്‌കോർ (സെസിലിയ ലിൻ), മികച്ച പ്രൊഡക്ഷൻ ഡിസൈനർ (പാട്രിക് സെൻ്റ് ഷാരോൺ വിയോൺ, അൽമുഡെന കാമിനെറോ, ലെക്‌സ് ലെബ്ലാങ്ക്), മികച്ച കോസ്റ്റ്യൂം ഡിസൈനർ (പാട്രിക് സെൻ്റ് ജീൻ), മികച്ച സൗണ്ട് ഡിസൈനർ (സ്കോട്ട് പെറി) തുടങ്ങി 11 പുരസ്‌കാരങ്ങളും ഈ സയൻസ് ഫിക്ഷൻ ചിത്രം നേടി.

എഡ്ഡി ബാക്ക നിർമ്മിച്ച് പെറി ഡെൽ എക്വില്ല സംവിധാനം ചെയ്ത അമേരിക്കൻ ചിത്രം ‘ലുക്ക് ഇൻ മൈ ഐസ്’ മികച്ച ചിത്രത്തിനുള്ള പ്രത്യേക പരാമർശം നേടി. ഇതേ ചിത്രത്തിലെ അഭിനയത്തിന് അമൻ സിംഗ് മികച്ച നടനുള്ള പുരസ്കാരവും, പെറി ഡെൽ എക്വില്ല മികച്ച നവാഗത സംവിധായകനുള്ള പുരസ്‍കാരവും കരസ്ഥമാക്കി. ഡാനിയൽ അലിയുടെ ‘ദെലീല’ മികച്ച ഡ്രാമാ ചിത്രത്തിനുള്ള പുരസ്കാരം നേടിയപ്പോൾ മൈക്കിൾ റിങ്ഡലിന്റെ ‘ബ്രേവ്’ മികച്ച ഹ്രസ്വചിത്രത്തിനുള്ള പുരസ്കാരം നേടി.

എട്ട് രാജ്യങ്ങളിൽ നിന്നായി പതിനാല് ചിത്രങ്ങളാണ് അവസാന ഘട്ടത്തിൽ മത്സരത്തിനായി ഉണ്ടായിരുന്നത്. കാസബ്ളാങ്കാ ഇൻഡിപെൻഡൻറ്റ് ഫിലിം ഫെസ്റ്റിവൽ കൂടാതെ കാസബ്ളാങ്കാ ഫിലിം ഫാക്ടറി അവാർഡ്‌സ്, കാസബ്ളാങ്കാ ഫിലിം ഫാക്ടറി ഹൊറർ ഫിലിം ഫെസ്റ്റിവൽ എന്നീ ചലച്ചിത്ര മേളകൾ കൂടി കാസബ്ളാങ്കാ ഫിലിം ഫാക്ടറി ലോകമെബാടുമുള്ള സ്വതന്ത്ര ചലച്ചിത്ര പ്രവർത്തകർക്കായി സംഘടിപ്പിക്കുന്നുണ്ട്. ‘തരിയോട്’, ‘വഴിയെ’ എന്നീ സിനിമകൾ നിർമ്മിച്ച കാസബ്ളാങ്കാ ഫിലിം ഫാക്ടറിയുടെ ഉടനെ റിലീസാവാനുള്ളത് ‘ഡ്രെഡ്ഫുൾ ചാപ്‌റ്റേഴ്‌സ്’ എന്ന ടൈം ലൂപ്പ് ചിത്രമാണ്.