മരണം 331 ആയി; തിരിച്ചറിയാത്തവര്‍ക്ക് പൊതുശ്മശാനങ്ങളില്‍ അന്ത്യനിദ്ര, ഇനിയും കണ്ടെടുക്കാനുള്ളത് ഇരുനൂറിലേറെ പേരെ

Kerala

മേപ്പാടി: ഉരുള്‍പൊട്ടല്‍ ദുരന്തത്തിലെ മരണസംഖ്യ 331 ആയി. ഔദ്യോഗികമായി ഇതുവരെ 199 പേരുടെ മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. 89 പുരുഷന്മാരും 82 സ്ത്രീകളും 28 കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നത്. ഇതില്‍ 181 മൃതദേഹങ്ങളുടെ പോസ്റ്റ്മാര്‍ട്ടം കഴിഞ്ഞു. ഇനിയും ഇരുന്നൂറിലധികം പേരെ കണ്ടെത്താനുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. മരിച്ചവരില്‍ 133 പേരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. 130 ശരീര ഭാഗങ്ങള്‍ പലയിടങ്ങളില്‍ നിന്നായി കണ്ടെത്തിയിട്ടുണ്ട്.

ബന്ധുക്കള്‍ക്ക് 116 പേരുടെ മൃതദേഹങ്ങളും 87 ശരീരഭാഗങ്ങളും കൈമാറിയെന്നാണ് സര്‍ക്കാര്‍ പുറത്തുവിട്ട കണക്ക്. ജില്ലാ ഭരണകൂടത്തിന് കൈമാറിയത് 56 മൃതദേഹങ്ങളാണ്. നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍നിന്ന് ഏറ്റുവാങ്ങി ബന്ധുക്കള്‍ക്ക് 21 പേരുടെ മൃതദേഹങ്ങള്‍ കൈമാറി. ദുരന്തബാധിതരില്‍ പലരും ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. 264 പേരെയാണ് ദുരന്ത പ്രദേശത്തുനിന്നും ആശുപത്രികളിലെത്തിച്ചത്. വയനാടിന് പുറമേ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ആശുപത്രികളിലായി 86 പേര്‍ ചികിത്സയിലുണ്ട്.

കാണാതായവരെ കണ്ടെത്താനായി ദുരന്തമേഖലകളില്‍ വ്യാപകമായ തിരച്ചിലാണ് വെള്ളിയാഴ്ച നടക്കുന്നത്. സൈന്യം, എന്‍.ഡി.ആര്‍.എഫ്, കോസ്റ്റ് ഗാര്‍ഡ് എന്നിവ ഉള്‍പ്പടെ 40 സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചില്‍ നടന്നത്. അതേസമയം മേപ്പാടി പ്രകൃതി ദുരന്തത്തില്‍ മരിച്ചവരില്‍ തിരിച്ചറിയാന്‍ സാധിക്കാത്ത ഭൗതികശരീരങ്ങള്‍ ജില്ലയിലെ പൊതുശ്മശാനങ്ങളില്‍ സംസ്‌കരിക്കും. കല്‍പ്പറ്റ നഗരസഭ, വൈത്തിരി, മുട്ടില്‍, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട്, എടവക, മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തുകളിലാണ് സംസ്‌കാരത്തിനുള്ള സൗകര്യം ഒരുക്കിയത്.

തിരിച്ചറിയാന്‍ കഴിയാത്ത 74 മൃതശരീരങ്ങളാണ് മേപ്പാടി ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ സൂക്ഷിച്ചിട്ടുള്ളത്. മൃതദേഹങ്ങള്‍ ബന്ധപ്പെട്ട തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്ക് കൈമാറി നടപടികള്‍ പൂര്‍ത്തിയാക്കും.