കല്പറ്റ: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി ജെ എസ് സിദ്ധാര്‍ഥനെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയ സംഭവത്തില്‍ പ്രതികളെ രക്ഷിക്കാനായി വ്യാജ പരാതിയുമായി രംഗത്തെത്തിയ പെണ്‍കുട്ടിയേയും പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു. ഈ സാഹചര്യത്തില്‍ സിദ്ധാര്‍ത്ഥ് മരിച്ച ശേഷം പരാതി നല്‍കിയ പെണ്‍കുട്ടിക്കെതിരേയും പൊലീസ് അന്വേഷണം നടത്തിയേക്കും.
സിദ്ധാര്‍ത്ഥിനെ മര്‍ദിച്ച് കൊന്ന കേസില്‍ പെണ്‍കുട്ടിയേയും പ്രതിയാക്കേണ്ടി വരും. കേസിലെ ഗൂഢാലോചനയില്‍ പെണ്‍കുട്ടിയുടെ പങ്ക് പ്രഥമ ദൃഷ്ട്യാ വ്യക്തമാണ്. ഈ പെണ്‍കുട്ടിയുടെ പരാതിയിലാണ് സിദ്ധാര്‍ത്ഥനെ ആള്‍ക്കൂട്ട വിചാരണ നടത്തിയതെന്നാണ് പറയുന്നത്. സിദ്ധാര്‍ത്ഥന്‍ മരിക്കുന്നതിന് മുമ്പ് ഈ കുട്ടി മറ്റാര്‍ക്കും പരാതി നല്‍കിയിട്ടില്ല. എന്നാല്‍ ആള്‍കൂട്ട വിചാരണ നടത്തി കൊലപ്പെടുത്തിയ ശേഷം സിദ്ധാര്‍ത്ഥിനെതിരെ പരാതിയുമായി പെണ്‍കുട്ടി രംഗത്തെത്തുകയായിരുന്നു. ഒന്നുകില്‍ പ്രതികളെ രക്ഷിക്കാന്‍ പെണ്‍കുട്ടി വ്യാജ പരാതി നല്‍കി. അല്ലെങ്കില്‍ പെണ്‍കുട്ടിയുടെ ക്വട്ടേഷനില്‍ എസ് എഫ് ഐ സിദ്ധാര്‍ത്ഥിനെ കൊലപ്പെടുത്തി എന്നതിലേക്കാണ് കാര്യങ്ങളുടെ പോക്ക്.
പ്രണയദിനത്തില്‍ പെണ്‍കുട്ടിക്ക് സിദ്ധാര്‍ത്ഥില്‍ നിന്നും അപമര്യാദ നേരിടേണ്ടി വന്നുവെന്നാണ് ആക്ഷേപമുള്ളത്. ഇങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ പരാതി കോളേജിലോ പൊലീസിലോ നല്‍കണമായിരുന്നു. അതുണ്ടായില്ല. മറിച്ച് വീട്ടിലേക്ക് മടങ്ങിയ സിദ്ധാര്‍ത്ഥനെ എസ് എഫ് ഐ നേതാക്കളെ കൊണ്ട് തിരികെ വിളിച്ചു വരുത്തി. അതിന് ശേഷം ആള്‍ക്കൂട്ട വിചാരണ നടത്തുകയും ഒടുവില്‍ കൊലപ്പെടുത്തുകയുമായിരന്നു. അതുകൊണ്ട് തന്നെ ഗൂഢാലോചനയില്‍ പെണ്‍കുട്ടിയുടെ പങ്ക് വ്യക്തവുമാണ്.
ആള്‍ക്കൂട്ട വിചാരണയിലും ഈ പെണ്‍കുട്ടി ഉണ്ടായിരുന്നുവെങ്കില്‍ കുറ്റകൃത്യത്തിന്റെ സ്വഭാവം മാറും. അതിനിടെ കൊലപാതക സാധ്യതയുടെ ചുരുളഴിക്കാന്‍ കൂടുതല്‍ സമയം വേണമെന്നാണ് അന്വേഷണസംഘത്തിന്റെ നിലപാട്. സിദ്ധാര്‍ഥന്‍ ആത്മഹത്യ ചെയ്യില്ലെന്നും മൃതദേഹത്തിലെ പരുക്കുകള്‍ അതിനു തെളിവാണെന്നും മാതാപിതാക്കള്‍ പറയുന്നു. പെണ്‍കുട്ടിയേയും കേസില്‍ പ്രതിയാക്കണമെന്ന് കുടുംബം ആവശ്യപ്പെടുന്നുണ്ട്.