മോഹൻലാൽ സംവിധാനം ചെയ്ത് റിലീസിനൊരുങ്ങുന്ന ത്രീഡി ചിത്രം ‘ബറോസ്’ നെതിരെ പകർപ്പവകാശ ലംഘനം ആരോപിച്ച് ജർമ്മൻ മലയാളിയും നോവലിസ്റ്റുമായ
ജോർജ് തുണ്ടിപ്പറമ്പിൽ. ഇക്കാര്യം ചൂണ്ടിക്കാട്ടി ‘ബറോസ് – ദി ഗാർഡിയൻ ഓഫ് ഡി ഗാമ ട്രഷർ’ നിർമ്മാതാക്കൾക്ക് ജോർജ് വക്കീൽ നോട്ടീസ് അയച്ചു.
ബറോസിന്റെ കഥയും ജോർജ് തുണ്ടിപ്പറമ്പിൽ എഴുതി 2008-ൽ പുറത്തിറക്കിയ ‘മായ’ എന്ന നോവലും തമ്മിൽ സാമ്യമുണ്ട് എന്നാണ് അവകാശപ്പെടുന്നത്. സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത് ടി കെ രാജീവ്കുമാറാണ്. ഓണം റിലീസായി ചിത്രം ഒരുങ്ങുമ്പോഴാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്.
സിനിമ റിലീസ് ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ ജിജോ പുന്നൂസ്, മോഹൻലാൽ, ടികെ രാജീവ്കുമാർ എന്നിവരോട് എഴുത്തുകാരൻ രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്. സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ലീഡ് റോൾ അഭിനയിക്കുന്നതും മോഹൻലാൽ തന്നെയാണ്. ജോർജിന്റെ ‘മായ’ എന്ന പുസ്തകം 2008 ഏപ്രിലിൽ കൊച്ചിയിൽ വെച്ച് എഴുത്തുകാരനും കോൺഗ്രസ് നേതാവുമായ ശശി തരൂർ എംപിയാണ് പ്രകാശനം ചെയ്തത്.
2016ൽ മായ എന്ന പുസ്തകത്തിന്റെ ഒരു കോപ്പി തന്റെ സുഹൃത്ത് രാജീവ് കുമാറിന് കൊടുത്തിരുന്നുവെന്നും ജോർജ്ജ് അവകാശപ്പെടുന്നു. ജിജോ പുന്നൂസുമായി ചേർന്ന് നോവൽ സിനിമയാക്കുമെന്ന് സുഹൃത്തിനോട് പറഞ്ഞിരുന്നുവെന്നും ജോർജ് ആരോപിക്കുന്നു.
2017-ൽ ഒരു ആഫ്രോ-ഇന്ത്യൻ- പോർച്ചുഗീസ് മിത്തിനെക്കുറിച്ച് ജിജോ പുന്നൂസ് എഴുതിയ ഒരു പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ബറോസിന്റെ തിരക്കഥയെന്നായിരുന്നു ആദ്യം പുറത്ത് വന്ന വാർത്തകൾ. എന്നാൽ പിന്നീട് ഇത് തന്റെ തിരക്കഥയല്ലെന്നും സംവിധായകൻ ടികെ രാജീവ്കുമാറിന്റെ സഹായത്തോടെ മോഹൻലാൽ തന്റെ തിരക്കഥയിൽ നിന്ന് മാറ്റിയെഴുതി യതാണെന്നും ജിജോ പുന്നൂസ് പറഞ്ഞിരുന്നു.