വയനാട് ഉരുള്‍പൊട്ടല്‍: ദുരിത ബാധിതര്‍ക്ക് കൈത്താങ്ങുമായി എം സി എഫ്

Wayanad

കല്പറ്റ: ചൂരല്‍മലയിലും മുണ്ടക്കൈ മേഖലയിലും ഉണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇരകളായവര്‍ക്ക് കൈത്താങ്ങുമായി മുസ്‌ലിം കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (എം സി എഫ്). ദുരിത ബാധിതരുടെ കുട്ടികള്‍ക്ക് മികച്ച നിലവാരത്തിലുള്ള വിദ്യാഭ്യാസം നല്‍കി സംരക്ഷിക്കാനും നിരാലബരായ കുടുംബങ്ങള്‍ക്ക് താത്ക്കാലിക വാസ സൗകര്യമൊരുക്കാനുമാണ് തീരുമാനം. കല്പറ്റയില്‍ ചേര്‍ന്ന എം സി എഫ് സെക്രട്ടറിയേറ്റ് യോഗമാണ് ഉരുള്‍പൊട്ടല്‍ ദുരിത ബാധിതര്‍ക്ക് കൈത്താങ്ങുനല്‍കാന്‍ തീരുമാനിച്ചത്.

ജില്ലാ ഭരണകൂടവുമായി സഹകരിച്ചാണ് നിരാലംബരായ കുടുംബങ്ങള്‍ക്ക് താല്‍ക്കാലിക താമസ സൗകര്യമൊരുക്കുക. ഇതിനായി ജില്ലാ ഭരണ കൂടമായി ചര്‍ച്ചനടത്തും. കല്പറ്റ എം സി എഫ് പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥികളും സ്റ്റാഫും മാനേജ്‌മെന്റും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാനും തീരുമാനിച്ചു.

സെക്രട്ടറിയേറ്റ് യോഗത്തില്‍ എം. സി. എഫ് പ്രസിഡന്റ് ഡോ. ജമാലുദ്ധീന്‍ ഫാറൂഖി അധ്യക്ഷത വഹിച്ചു, വൈസ് പ്രസിഡന്റ് ഡോ. ഹുസൈന്‍ മടവൂര്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടരി ഡോ. മുസ്തഫ ഫാറൂഖി, കെ പി യൂസുഫ് ഹാജി, എ പി മൊയ്തു, കെ പി മുഹമ്മദ്, കെ എം ഷബീര്‍ അഹമ്മദ്, എം മുഹമ്മദ് മാസ്റ്റര്‍, സയ്യിദലി സ്വലാഹി, വി ഉമ്മര്‍ ഹാജി ബത്തേരി, നജീബ് കാരടന്‍, സി മുഹമ്മദ് റിപ്പണ്‍, നജീബ് തന്നാനി, പി അല്‍ത്താഫ് എന്നിവര്‍ പങ്കെടുത്തു.