പടിഞ്ഞാറത്തറ: ഉരുള്‍പൊട്ടല്‍ ദുരന്തം കണക്കിലെടുത്ത് ആനക്കാംപൊയില്‍ ചൂരല്‍ മല തുരങ്ക പാത നടപ്പാക്കരുതെന്നും മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നും ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ജോമോന്‍ വാളാത്തറ ആവശ്യപ്പെട്ടു. തുരങ്ക പാത നടപ്പിലാക്കുന്നതു വഴി പശ്ചിമഘട്ടത്തില്‍ വരാനിരിക്കുന്നത് വന്‍ ദുരന്തങ്ങളയിരിക്കും. മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പൂര്‍ണമായും നടപ്പാക്കി പശ്ചിമഘട്ടത്തെ സംരക്ഷിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ജോമോന്‍ ആവശ്യപ്പെട്ടു.
പരിസ്ഥിതി ദുര്‍ബല മേഖലകളില്‍ റിസോര്‍ട്ട് മാഫികള്‍ നടത്തുന്ന കയ്യേറ്റവും ചൂഷണവും തടയുന്നതിന് നടപടി വേണം. പാവപ്പെട്ടവന് ഒരു വീടുവയ്ക്കുവാന്‍ പോലും വയല്‍ നികത്താന്‍ അനുമതി നല്‍കുന്നില്ല. എന്നാല്‍ കോഴിക്കോട് ജില്ലയിലെ കൈതപ്പൊയിലില്‍ ആയിരം ഏക്കര്‍ കുന്നുകള്‍ ഇടിച്ച് നിരത്തിയാണ് മര്‍ക്കസ് സിറ്റി പണിതത്. ഇത്തരക്കാരുടെ മുന്നില്‍ നിയമം നോക്കുകുത്തിയാകുകയാണ്.
ലൈഫ് മിഷന്‍ പദ്ധതിയില്‍ വീട് വയ്ക്കുവാന്‍ ആഗ്രഹിക്കുന്ന പാവപ്പെട്ടവന്റെ അവസ്ഥ ദയനീയമാണ്. വിവിധ കാരണങ്ങള്‍ പറഞ്ഞ് പലരേയും പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നില്ല. ഉള്‍പ്പെട്ടവര്‍ക്ക് തന്നെ ഫണ്ടിന്റെ അഭാവം പറഞ്ഞ് പണം നല്‍കുന്നത് വൈകിപ്പിക്കുകയാണെന്നും ജോമോന്‍ ആരോപിച്ചു. ഭരിക്കുന്നവരുടെ ഇംഗിതത്തിനനുസരിച്ചാണ് ലൈഫ് പദ്ധതിയില്‍ വീടിന് പരിഗണനയെന്നും പാവപ്പെട്ട, അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും വീട് ലഭിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും ഷെഡുകളിലും പാതി തകര്‍ന്ന് കിടക്കുന്ന വീടുകളിലും കഴിയുന്നവര്‍ക്ക് എത്രയും പെട്ടന്ന് വീട് നിര്‍മ്മാണത്തിന് സഹായം ലഭ്യമാക്കണമെന്നും ജോമോന്‍ വാളാത്തറ ആവശ്യപ്പെട്ടു.